kovalam

കോവളം: തിരുവല്ലത്ത് അക്രമിസംഘം പൊലീസ് ജീപ്പ് തല്ലിത്തകർത്ത് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേരെ ഫോർട്ട് പൊലീസ് അറസ്റ്റുചെയ്‌തു. ബാലരാമപുരം സ്വദേശി ജസീം (26),​ നരുവാമൂട് സ്വദേശികളായ ആദർശ് (26),​ സുറുമയെന്ന അനൂപ് ( 24 ) എന്നിവരാണ് പിടിയിലായത്. കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന നരവാമൂട് നന്ദുവിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. രണ്ട് മാസം മുമ്പാണ് പാപ്പൻചാണിയിലെ ശാന്തിപുരത്ത് നരവാമൂട് നന്ദു വീട് വാടകയ്‌ക്കെടുത്ത് മോഷണവും കഞ്ചാവ് വില്പനയും ആരംഭിച്ചത്. വ്യാഴാഴ്ച വൈകിട്ട് ശാന്തിപുരത്തെ വാടക വീട്ടിൽ വിവിധ സ്ഥലത്തുള്ള 15ഓളം പേർ ഒത്തുകൂടിയിരുന്നു. മണക്കാട്, കമലേശ്വരം പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലുണ്ടായ ആക്രമണവും മോഷണവുമായി ബന്ധപ്പെട്ട് കൂട്ടുപ്രതിയായ നന്ദു ശാന്തിപുരത്ത് താമസിക്കുകയാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു പ്രതിയെയും കൂട്ടി എത്തിയപ്പോഴാണ് അക്രമികൾ പൊലീസിന് നേരെ കല്ലും പെട്രോൾ ബോംബും എറിഞ്ഞത്. പ്രതികൾ താമസിച്ചിരുന്ന സ്ഥലത്ത് രാത്രിയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി. പ്രതികൾ ബംഗളൂരുവിലേക്ക് കടന്നതായാണ് പൊലീസിന്റെ നിഗമനം. പ്രഭാത സവാരിക്കിടെ മുട്ടയ്ക്കാട് ശ്രീ ഗണപതി ക്ഷേത്രത്തിന് സമീപം അനിഴം വീട്ടിൽ അപ്പുക്കുട്ടൻനായരുടെ ഭാര്യ സുഷമ ദേവിയുടെ മാല പൊട്ടിച്ചതും ഇതേ സംഘമാണെന്ന് കണ്ടെത്തി. അക്രമിസംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.