
2019 ജനുവരി 14 -നാണ് മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനും സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനത്തിനും സംവരണം അനുവദിക്കുന്ന 103-ാമത് ഭരണഘടനാഭേദഗതി നടപ്പിൽ വന്നത്. സാമ്പത്തിക സംവരണം അനുവദിക്കേണ്ടതുണ്ടോ ? ഉണ്ടെങ്കിൽ എത്ര ശതമാനമാണ് അനുവദിക്കേണ്ടത്?(പരമാവധി 10 ശതമാനം). സാമ്പത്തിക പിന്നാക്കാവസ്ഥയുടെ മാനദണ്ഡം എന്താണ് ? തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സർക്കാരിന് വിവേചനാധികാരം നൽകിയിട്ടുണ്ട്.
സംവരണത്തിന്റെ മാനദണ്ഡം
കേരളത്തിലെ മൂന്നരക്കോടിയോളം വരുന്ന ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളാണ്. ഇൗ പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പി.എസ്.സി നിയമനങ്ങൾക്കും പിന്നാക്ക സമുദായങ്ങൾക്ക് സംവരണം അനുവദിച്ചിട്ടുള്ളത്. ഒാരോ സമുദായത്തിന്റെയും സംഖ്യാശതമാനത്തിന്റെ പകുതിയോടടുത്ത നിരക്കിലാണ് ആകെയുള്ള 50 ശതമാനം സാമുദായിക സംവരണത്തെ വിഭജിച്ചിരിക്കുന്നത്. സാമൂഹ്യമായി ഏറ്റവും താഴേത്തട്ടിലുള്ള പട്ടികവർഗ വിഭാഗത്തിന് മാത്രമേ ഇൗ മാനദണ്ഡത്തിൽ നിന്നും ഉയർന്ന നിരക്കിൽ സംവരണം അനുവദിച്ചിട്ടുള്ളൂ. (ഒന്നര ശതമാനം ജനസംഖ്യയുള്ള പട്ടികവർഗ വിഭാഗത്തിന് രണ്ട് ശതമാനം സംവരണം അനുവദിച്ചിരിക്കുന്നു. ) ജനസംഖ്യയുടെ 12 ശതമാനം വരുന്ന പട്ടികജാതിക്കാർക്ക് എട്ട് ശതമാനം സംവരണം നൽകുമ്പോൾ താരതമ്യേന മെച്ചപ്പെട്ട സാമൂഹ്യാവസ്ഥയിൽ കഴിയുന്ന സമുദായങ്ങൾക്ക് ജനസംഖ്യാ ശതമാനത്തിന്റെ പകുതിക്ക് താഴ്ന്ന സംവരണമാണ് ലഭിക്കുന്നത്. പട്ടികേതര പിന്നാക്കക്കാർക്ക് 'ക്രിമീലെയർ" ബാധകമാക്കിയതോടെ ഇൗ മാനദണ്ഡത്തിൽ നേരിയ മാറ്റം ഉണ്ടായിട്ടുണ്ട്.
ഇനി, മുന്നാക്ക സംവരണത്തിന് അവലംബിച്ച മാനദണ്ഡം എന്താണെന്ന് പരിശോധിക്കാം. നാലുലക്ഷം രൂപയുടെ കുടുംബ വാർഷിക വരുമാനമാണ് സാമ്പത്തിക സംവരണം ലഭിക്കുന്നതിനുള്ള മാനദണ്ഡമായി സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. ആകെ ജനസംഖ്യയുടെ 23 ശതമാനം മാത്രം വരുന്ന മുന്നാക്ക വിഭാഗത്തിന്റെ 10 ശതമാനം പോലും നാലുലക്ഷം എന്ന വരുമാന പരിധിയിൽ പെടില്ല എന്നത് മുന്നാക്ക സംവരണത്തിനു വേണ്ടി വാദിക്കുന്നവർ പോലും സമ്മതിക്കുന്ന കാര്യമാണ്. അതായത്, സംസ്ഥാന ജനസംഖ്യയുടെ 2.3 ശതമാനം മാത്രം (23 ശതമാനത്തിന്റെ പത്തിൽ ഒന്ന്) ഗുണഭോക്താക്കളായുള്ള വിഭാഗത്തിനാണ് പത്തുശതമാനം മുന്നാക്ക സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നത്. പിന്നാക്ക സംവരണത്തിന് അവലംബിച്ച മാനദണ്ഡമനുസരിച്ച് ഒരു ശതമാനത്തിന് താഴെ മാത്രം അർഹതയുള്ളപ്പോഴാണ് അതിന്റെ 10 മടങ്ങ് വർദ്ധിച്ച നിരക്കിൽ മുന്നാക്ക സംവരണം അനുവദിച്ചത്. മെഡിക്കൽ പ്രവേശന പരീക്ഷയിൽ 2500-ാം റാങ്കുകാരനായ മുന്നാക്കക്കാരന് സീറ്റ് ലഭിച്ചപ്പോൾ 1500-ാം റാങ്കുകാരനായ പിന്നാക്കക്കാരൻ പുറന്തള്ളപ്പെട്ടത് അനർഹമായ നിരക്കിൽ മുന്നാക്ക സംവരണം അനുവദിച്ചതു കൊണ്ടാണ്. വിദ്യാലയ പ്രവേശനത്തിന് നീക്കിവച്ച മുന്നാക്ക സംവരണ സീറ്റുകൾ വേണ്ടത്ര അപേക്ഷകരില്ലാത്തതിനാൽ ഒഴിഞ്ഞുകിടക്കുന്നു എന്ന റിപ്പോർട്ടുകൾ വന്നുകഴിഞ്ഞു. പബ്ളിക് സർവീസ് കമ്മിഷൻ നിയമനങ്ങളിലും ഇൗയൊരവസ്ഥ സംജാതമാകുമെന്ന് മുന്നിൽക്കണ്ട എൻ.എസ്.എസ് സംവരണ സീറ്റുകൾ നഷ്ടപ്പെടാതിരിക്കാനുള്ള നിയമ നടപടികളുമായി ഹൈക്കോടതിയെ സമീപിച്ചുകഴിഞ്ഞു.
10 ലക്ഷം ആസ്തിയുള്ള കുചേലന്മാർ
സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം വരുമാന പരിധിക്ക് പുറമേ താഴെ പറയുന്ന നിരക്കിൽ കൂടുതൽ ഭൂമി സ്വന്തമായുള്ളവരെയും സാമ്പത്തിക സംവരണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഗ്രാമപ്രദേശങ്ങൾ - രണ്ടര ഏക്കർ
മുനിസിപ്പാലിറ്റി - 75 സെന്റ്
കോർപ്പറേഷൻ അതിർത്തി - 50 സെന്റ്
സംസ്ഥാനത്ത് പ്രധാന പട്ടണങ്ങളിലെ ഇടറോഡുകളിൽ പോലും 50 സെന്റ് ഭൂമിക്ക് 10 കോടിയിലധികം മതിപ്പ് വിലയുണ്ട്. മുൻ ജഡ്ജി ജി.കെ. ശശിധരൻനായർ, അഭിഭാഷകനായ കെ. രാജഗോപാലൻ നായർ എന്നീ നിയമവിദഗ്ദ്ധർ അടങ്ങിയ സമിതിയുടെ ശുപാർശ കണക്കിലെടുത്താണ് 'പരമാവധി 10 ശതമാനം" എന്ന ഭരണഘടനാവ്യവസ്ഥയെ 'നിർബന്ധമായും 10 ശതമാനം" എന്ന് വ്യാഖ്യാനിച്ചും 10 കോടി ആസ്തിയുള്ള ദരിദ്രന്മാരെ സൃഷ്ടിച്ചും സംസ്ഥാന സർക്കാർ സാമ്പത്തിക സംവരണം നടപ്പിലാക്കിയിരിക്കുന്നത്. സമ്പദ് ഘടനയുടെ അടിസ്ഥാന വിവരങ്ങൾ ശേഖരിക്കാതെയും വേണ്ടത്ര പഠനങ്ങൾ നടത്താതെയും ഏകപക്ഷീയമായി നടപ്പിലാക്കിയ മുന്നാക്ക സംവരണം സംസ്ഥാനത്തെ സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കുമെന്ന കാര്യത്തിൽ സംശയമില്ല.
തദ്ദേശ സ്ഥാപനങ്ങളും പിന്നാക്ക സംവരണവും
1992 -ൽ നടപ്പിൽ വന്ന 73 ഉം 74 - ഉം ഭരണഘടനാ ഭേദഗതികളനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ പിന്നാക്ക വിഭാഗക്കാർക്ക് സീറ്റുകൾ സംവരണം ചെയ്യാൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ട്. മുന്നാക്ക സാമ്പത്തിക സംവരണം അനർഹമായ ആനുകൂല്യം നൽകി നടപ്പിലാക്കിയ ഭരണാധികാരികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പിന്നാക്ക സംവരണത്തിന്റെ വ്യവസ്ഥകൾ കഴിഞ്ഞ 28 വർഷമായി കണ്ടില്ലെന്ന് നടിക്കുകയാണ്.
അറിഞ്ഞിരിക്കേണ്ട ചരിത്രം
താഴ്ന്ന ജാതിക്കാരുടെ ക്ഷേത്രപ്രവേശനം, പബ്ളിക് സർവീസ് കമ്മിഷന്റെ രൂപീകരണം, നിയമസഭയിൽ പിന്നാക്ക വിഭാഗക്കാർക്ക് സീറ്റ് സംവരണം തുടങ്ങിയ സാമൂഹ്യ പരിഷ്കാരങ്ങൾ സാദ്ധ്യമായത് എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ നടന്ന ബഹുജന പ്രക്ഷോഭങ്ങളുടെ ഫലമായാണ്. 1936 ൽ പരിഷ്കരിച്ച തിരഞ്ഞെടുപ്പ് ചട്ടങ്ങളനുസരിച്ച് ഏതാനും നിയമസഭാ സീറ്റുകൾ പിന്നാക്ക സമുദായങ്ങൾക്കായി സംവരണം ചെയ്തിരുന്നു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഇൗഴവ സമുദായത്തിന് സംവരണം ചെയ്ത 10 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ നിറുത്തി മത്സരിക്കാൻ എസ്.എൻ.ഡി.പി യോഗം തീരുമാനിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടൊപ്പം യോഗം ഡയറക്ടർ ബോർഡ് ഒരഭ്യർത്ഥന കൂടി പുറപ്പെടുവിച്ചു. യോഗം സ്ഥാനാർത്ഥികൾക്കെതിരെ മറ്റാരും മത്സരിക്കരുതെന്ന ആ അഭ്യർത്ഥന സർവാത്മനാ മാനിക്കപ്പെടുകയും 10 സ്ഥാനാർത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. യോഗത്തിന് അന്നുണ്ടായിരുന്ന സംഘടനാശക്തിയും ഐക്യവും ജാതിമതഭേദമെന്യേ ഏവരാലും പ്രശംസിക്കപ്പെട്ടു. ഹാസ്യസാമ്രാട്ട് ഇ.വി. കൃഷ്ണപിള്ള (സിനിമാ നടൻ അടൂർഭാസിയുടെ പിതാവ്) 'എസ്.എൻ.ഡി.പി യോഗ മഹാവിജയം" എന്ന തലക്കെട്ടിൽ കേരളകൗമുദിയിലും സംയുക്ത കോൺഗ്രസ് നേതാവ് വക്കീൽ സിറിയക്ക് കണ്ടത്തിൽ 'എസ്.എൻ.ഡി.പി യോഗത്തിന്റെ പത്ത് അഭിമാന സ്തംഭങ്ങൾ" എന്ന തലക്കെട്ടിൽ മലയാള മനോരമയിലും യോഗത്തെ പ്രകീർത്തിച്ച് ലേഖനങ്ങൾ എഴുതി. കേന്ദ്ര പ്രവേശനം നേടിയെടുത്ത യോഗത്തെ അഭിനന്ദിച്ച് സി.വി. കുഞ്ഞുരാമൻ കേരളകൗമുദിയിൽ ദീർഘമായ മുഖപ്രസംഗം എഴുതി. സഹോദരൻ അയ്യപ്പൻ (പ്രസിഡന്റ്), വി.കെ. വേലായുധൻ (ജനറൽ സെക്രട്ടറി) എന്നിവരായിരുന്നു അന്ന് യോഗത്തിന്റെ സാരഥികൾ. സംഘടിച്ച് ശക്തരാക്കുക. അപ്പോഴാണ് വിലാപങ്ങൾ ഗർജനങ്ങളായി മാറുന്നത്. അത് തന്നെയാണ് കാലഘട്ടത്തിന്റെ ആവശ്യം.
( മുൻ വിവരാവകാശ കമ്മിഷണറാണ് ലേഖകൻ)