
കേരള രാഷ്ട്രീയത്തിലെ ആദർശമുഖമായ എ.കെ. ആന്റണിക്ക് ഇന്ന് എൺപത് വയസ് തികയുന്നു. കോൺഗ്രസിന്റെ ജന്മദിനവും തന്റെ ജന്മദിനവും ഒരേദിവസമായത് ജന്മസുകൃതമായി കാണുന്ന നേതാവാണ് ആന്റണി.യുവത്വത്തിന്റെ തോളിലേറി കോൺഗ്രസിന്റെ തലപ്പത്തെത്തിയ ആന്റണിയെന്ന നേതാവിനെ എൺപതാം വയസിലും യുവാക്കൾ ആദർശധീരനായി ആരാധിക്കുന്നു. നീണ്ട ആറു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ പാരമ്പര്യത്തിനിടയിലും കൈമോശം വരാതെ കാത്തുസൂക്ഷിച്ച രാഷ്ട്രീയ സംശുദ്ധിയും ആദർശവുമാണ് എ.കെ. ആന്റണിയെ കേരള രാഷ്ട്രീയത്തിൽ വ്യത്യസ്തനാക്കുന്നതും ശ്രദ്ധേയനാക്കുന്നതും.
സംശുദ്ധമായ പൊതുജീവിതത്തിന്റെ 'കേരള മാതൃക"യായി ലോകമെങ്ങും ഉയർത്തിക്കാട്ടുന്ന നേതാവാണ് എ.കെ. ആന്റണി. കേരളത്തിന്റെ മുഖ്യമന്ത്രിയായും കേന്ദ്രത്തിലെ പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ച ആന്റണിയ്ക്കെതിരെ ഒരു ആരോപണം പോലും ആർക്കും ഉന്നയിക്കാനാവാത്തതുകൊണ്ടാണ് ആന്റണിയെ 'മിസ്റ്റർ ക്ലീൻ" എന്ന് മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചിട്ടുള്ളത്. ആറു പതിറ്റാണ്ടു കാലത്തെ ആന്റണിയുടെ ഏറ്റവും വലിയ സമ്പാദ്യവും ഇതുതന്നെയാണ്.
ലാളിത്യവും വിനയവും സഹിഷ്ണുതയും ആന്റണിയുടെ രാഷ്ട്രീയജീവിതത്തിന് ഗാന്ധിയൻ പരിവേഷം പകർന്നിട്ടുണ്ട്. മതവിശ്വാസിയല്ലാത്ത ആന്റണി മതനിരപേക്ഷതയുടെ ഉജ്ജ്വലപ്രതീകമാണ്. അടിയുറച്ച ജനാധിപത്യവാദിയായ ആന്റണിയുടെ ആദർശത്തിന്റെ അടിത്തറ, ഗാന്ധിയൻ നെഹ്റുവിയൻ ആശയങ്ങളാണ്.
ചേർത്തലയിലെ ഒരു സാധാരണ കുടുംബത്തിൽ 1940 ഡിസംബർ 28ന് ജനിച്ച അറയ്ക്കപ്പറമ്പിൽ കുര്യൻ ആന്റണിയുടെ ജീവിതയാത്ര എൺപത് വർഷം പിന്നിടുമ്പോൾ, കേരള രാഷ്ട്രീയത്തിലെ ഇതിഹാസനായകന്റെ ജൈത്രയാത്രയുടെ ചരിത്രമാണ് കൺമുന്നിലെത്തുന്നത്.
1965ൽ കെ.എസ്.യു.സംസ്ഥാന പ്രസിഡന്റാകുന്നതോടെയാണ് ആന്റണി യെന്ന യുവനേതാവിനെ ജനങ്ങൾ ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി. മൃതാവസ്ഥയിലായിരുന്ന കേരളത്തിലെ കോൺഗ്രസിന് പുതുജീവൻ നല്കിയ യുവശക്തിയുടെ മുന്നേറ്റത്തിന് നേതൃത്വം നല്കിയ കെ.എസ്.യു.വിനും യൂത്ത് കോൺഗ്രസിനും കോൺഗ്രസ് പ്രസ്ഥാനം നല്കിയ അംഗീകാരമാണ് 1969ൽ ആന്റണിയെ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ചത്.
യു.ഡി.എഫ്കൺവീനറായിരുന്ന ആന്റണി 1973ൽ 33-ാം വയസിലാണ് കെ.പി.സി.സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ട ചേർത്തലയിൽ നിന്ന് 1970ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആന്റണി 1977ലാണ് മുഖ്യമന്ത്രിയാവുന്നത്. രാജൻ കേസിൽ ഹൈക്കോടതി വിധിയെത്തുടർന്ന് കെ.കരുണാകരൻ രാജിവച്ച ഒഴിവിലാണ് ആന്റണി മുഖ്യമന്ത്രിയാവുന്നത്.
മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതം പ്രകടിപ്പിച്ച ആന്റണിയോട് സ്ഥാനമേറ്റെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആജ്ഞാപിക്കുകയായിരുന്നു. മുഖ്യമന്ത്രിയാവാൻ ഉപജാപങ്ങൾ നടത്തുന്ന കാഴ്ചകൾ കണ്ട് മനംമടുത്ത ഹൈക്കമാൻഡിന്റെ പ്രതിനിധിയായ മുൻ കേന്ദ്രമന്ത്രി സി.സുബ്രഹ്മണ്യം ആന്റണിയെ വ്യത്യസ്തനായ കോൺഗ്രസ്സ് നേതാവെന്ന് വിശേഷിപ്പിക്കാൻ കാരണമതാണ്.
കോൺഗ്രസിന്റെ 1978ലെ പിളർപ്പിനു ശേഷം ബ്രഹ്മാനന്ദ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിലായിരുന്ന ആന്റണി ചിക്കമംഗളൂർ തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് 1978ൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ നിന്ന് വിട്ടുപോയ എ.കെ. ആന്റണിയെയും കൂട്ടരെയും 1982ൽ കോൺഗ്രസിലേക്ക് മടക്കിക്കൊണ്ടുവരാൻ മുൻകൈയെടുത്തത് ഇന്ദിരാ ഗാന്ധിയാണെന്നത് ദേശീയതലത്തിൽ ആന്റണിയെ ശ്രദ്ധാകേന്ദ്രമാക്കി.
1984ൽ എ.ഐ.സി.സി.യുടെ ജനറൽ സെക്രട്ടറിയായ ആന്റണി, 1992ൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായി. നരസിംഹ റാവു ഗവൺമെന്റിൽ സിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന അദ്ദേഹം, പഞ്ചസാര ഇടപാടിൽ തന്റെ വകുപ്പിനെതിരെ ആരോപണമുയർന്നപ്പോൾ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു.
കെ.കരുണാകരൻ വീണ്ടും രാജിവച്ചപ്പോൾ രാജ്യസഭാംഗമായിരുന്ന ആന്റണി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കേണ്ടിവന്നു. 2001ൽ ആന്റണി മൂന്നാംതവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തെത്തുടർന്ന് 2004ൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
അധികാരത്തിലെത്താനുള്ള ആഗ്രഹം സർവസാധാരണമാണ്. അധികാരം ത്യജിക്കാനുള്ള ത്യാഗം അസാധാരണമാണ്, അപൂർവമാണ്. അധികാരത്തിലേക്കുള്ള ആരോഹണങ്ങളിലും അവരോഹണങ്ങളിലും റിക്കോർഡ് സൃഷ്ടിച്ച നേതാവാണ് ആന്റണി.
അടിയന്തരാവസ്ഥക്കാലത്ത് 1976ൽ ഗൗഹാട്ടിയിൽ ചേർന്ന എ.ഐ.സി.സി.സമ്മേളനത്തിൽ ഇന്ദിരാ ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ എതിർപ്പിന്റെ ശബ്ദമുയർത്തിയ ആന്റണി നിർഭയനായ കോൺഗ്രസ്സ് നേതാവാണെന്ന് തെളിയിച്ചു.
ഗൗഹാട്ടിയിലെ ആന്റണിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗം ഇതായിരുന്നു. 'മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും വിഭാവനം ചെയ്ത മഹത്തായ ജനാധിപത്യ പാരമ്പര്യങ്ങളിൽ നിന്ന് കോൺഗ്രസ് വഴിതെറ്റി സഞ്ചരിക്കാനിടയാകരുത്."
ഇന്ദിരാ ഗാന്ധിയുടെയും, സോണിയാ ഗാന്ധിയുടെയും വിശ്വസ്തനായ സഹപ്രവർത്തകനായിരിക്കുമ്പോഴും തന്റെ അഭിപ്രായങ്ങൾ അവരോട് തുറന്നുപറയാനുള്ള ധീരത പ്രകടിപ്പിച്ച ആന്റണിയെ ധീരതയുള്ള ഒരു കോൺഗ്രസ്സുകാരനായി ചരിത്രം രേഖപ്പെടുത്തും.
കേരളത്തിന്റെ വികസനത്തിൽ ആന്റണിയുടെ സംഭാവനകൾ പറയാൻ ഏറെയുണ്ട്. തൊഴിൽരഹിതരായ യുവാക്കൾക്ക് തൊഴിലില്ലായ്മ വേതനം നല്കുകയും, മദ്യനിരോധനത്തിന്റെ ആദ്യപടിയായി ചാരായ നിരോധനം ഏർപ്പെടുത്തിയതും എക്കാലവും ഓർമ്മിക്കപ്പെടുന്ന സംഭവങ്ങളാണ്. സംഭവബഹുലമായ രാഷ്ട്രീയജീവിതത്തിന്റെ ആറു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും, ചിന്തയിലും പ്രവൃത്തിയിലും ആന്റണിയ്ക്ക് യുവത്വത്തിന്റെ പ്രസരിപ്പാണ്.ആന്റണിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.