
പാണ്ടിക്കടവത്ത് കുഞ്ഞാപ്പയെന്ന കുഞ്ഞാലിക്കുട്ടി സായ്വിനെ കാണുന്ന മാത്രയിൽ ഫാസിസം ഓടിയൊളിക്കുമായിരുന്നു. ഓടിയ വഴിയിൽ പുല്ല് പോലും കിളിർക്കില്ലെന്ന ചൊല്ലുണ്ടായത് കുഞ്ഞാപ്പയെ കണ്ട ഫാസിസത്തിന്റെ മരണപ്പാച്ചിൽ കണ്ടിട്ടായിരുന്നു എന്ന് ചിലർ പറയുന്നു. അതല്ല, ഓടിപ്പോയാലും വേറെ വഴിയൊന്നുമില്ലാത്തതിനാൽ ഫാസിസം തിരിച്ച് വന്നുകൊണ്ടേയിരിക്കുമെന്ന് മറ്റ് ചിലരും പറയുന്നു.
'ഇതൊന്നും ബെല്യ ഇശ്യു അല്ല" എന്നും പറഞ്ഞ്, നിസാരഭാവത്തിൽ തോളൊന്ന് കുലുക്കി ചിരിച്ച് നീങ്ങുന്ന കുഞ്ഞാപ്പയെ കണ്ടാൽ, "ഇതാണല്ലേ, ആ ഫാസിസത്തെ കിടുകിടാ വിറപ്പിക്കുന്ന ചങ്ങായി!" എന്നാരും പറയില്ല. പക്ഷേ കുഞ്ഞാപ്പയുടെ ആളനക്കം എവിടെ കണ്ടാലും ഫാസിസം പിന്തിരിഞ്ഞോടുമെന്നതാണ് അനുഭവസാക്ഷ്യം. കുഞ്ഞാപ്പയോടേറ്റു മുട്ടിയാൽ പിടിച്ചുനിൽക്കാൻ പാടാണെന്ന് അനുഭവത്തിലൂടെ ഫാസിസം തിരിച്ചറിഞ്ഞിട്ടുണ്ടാവാം. ഫാസിസത്തിന്റെ ഓട്ടം കാണുന്ന ഏവർക്കും തൊട്ടുപിന്നാലെ കുഞ്ഞാപ്പ വരുന്നുണ്ടെന്ന് മനസിലാകുമായിരുന്നു.
2017ലാണ് കുഞ്ഞാപ്പ ആദ്യമായി ഫാസിസത്തിനെതിരായ തുറന്ന യുദ്ധം പ്രഖ്യാപിച്ചത്. മലപ്പുറത്തുകാരുടെ ഭാഷയിൽ വിവരിച്ചാൽ അതൊരു ഒന്നൊന്നര 'ജുദ്ധ"മായിരുന്നു! അഹമ്മദ് സായ്വ് കാലപുരി പുൽകിയപ്പോൾ യുദ്ധം നയിക്കാനാളില്ലാത്ത അവസ്ഥ. പലരും ഏറ്റെടുക്കാൻ മടിച്ച ദൗത്യം കുഞ്ഞാപ്പയേറ്റെടുത്തേപ്പിന്നെ, ഫാസിസത്തിനും ഒരുൾവിറയലുണ്ടായി.
യുദ്ധമുഖത്തേക്ക് കുഞ്ഞാപ്പ ഇറങ്ങിവന്ന, 2017 മാർച്ച് മാസത്തിൽ, സി.എച്ചിന്റെ മകൻ മുനീർ സായ്വിൽ നിന്നൊരു നെടുവീർപ്പുയർന്നിരുന്നു. ആശ്വാസത്തിന്റെ നെടുവീർപ്പ് എന്നതിനെ നിരൂപകർ വിലയിരുത്തി. കുഞ്ഞാപ്പ ദേശീയരാഷ്ട്രീയത്തിലേക്ക്, അതും ഫാസിസത്തോടേറ്റു മുട്ടാൻ, പോയാൽ മുനീർ സായ്വിൽ ആശ്വാസത്തിന്റെ നെടുവീർപ്പുയരുന്നതിൽ മറ്റ് അർത്ഥങ്ങളാരും കാണണ്ട!
'ജുദ്ധം' വച്ചടി, വച്ചടി മുന്നേറിയപ്പോൾ ഫാസിസവും ന.മോ.ജി- ഷാ ജി സഖ്യവും ഏതാണ്ട് അസ്തമിച്ചു പോകേണ്ടതായിരുന്നു. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പ് വന്ന അന്തരാളഘട്ടത്തിൽ ഫാസിസത്തെ മുച്ചൂടും മുടിച്ചേ അടങ്ങൂ എന്ന് ശപഥം ചെയ്ത് നില്പായിരുന്ന കുഞ്ഞാപ്പയുടെ മുന്നിലേക്ക് അടുക്കാനാരും ധൈര്യപ്പെടുകയുണ്ടായില്ല. മുളച്ചു പൊന്തുന്ന ഫാസിസത്തെ മൂലയിലാക്കാതെ വിശ്രമമില്ലെന്ന ഭാവം. ഒരു പക്ഷേ കുഞ്ഞാപ്പയുടെ രണ്ടുവർഷത്തെ പോരാട്ടം കാരണം തളർന്നുപോയ ഫാസിസം മുട്ടുമടക്കിയേക്കുമെന്നും രാഹുൽമോനെ കുഞ്ഞാപ്പയും കൂട്ടരും ചേർന്ന് പ്രധാനമന്ത്രിയാക്കുമെന്നുമെല്ലാം കുഞ്ഞാപ്പയ്ക്ക് പോലും തോന്നിയിരുന്നു.
പക്ഷേ, കുഞ്ഞാപ്പയെ കണ്ടാൽ പേടിച്ചോടുമെന്നല്ലാതെ പൂർണമായി പിന്മാറാൻ ഒരിക്കലും കൂട്ടാക്കാത്ത ടീംസ് ആണീ ഫാസിസം. കുഞ്ഞാപ്പയ്ക്ക് യുദ്ധം അവസാനിപ്പിക്കാൻ മനസുണ്ടായിട്ടില്ല. അതിനിടയ്ക്ക് കേരളത്തിൽ ആ സാന്നിദ്ധ്യം അനിവാര്യമായാലെന്ത് ചെയ്യും? എന്തിനുമേതിനുമുള്ളത് കുഞ്ഞാപ്പയാണ്.
2019 മേയ് മാസം തൊട്ട് പോരാട്ടം മറ്രൊരു തലത്തിലേക്ക് കുഞ്ഞാപ്പ ഉയർത്തിയിട്ടും ഫാസിസം അമ്പേ പരാജയപ്പെടുന്ന മട്ടുണ്ടായിട്ടില്ല. ഒരു പക്ഷേ പരാജയപ്പെടുമായിരിക്കും. അതിന് സമയമെടുക്കും. അത്രയും കാത്തിരിക്കാൻ കുഞ്ഞാപ്പയെ സാഹചര്യങ്ങൾ അനുവദിക്കുന്നില്ല. ഫാസിസത്തിന്റെ പലപല വേർഷനുകളാണ് മുക്കിലും മൂലയിലും കിടന്ന് കറങ്ങിക്കൊണ്ടിരിക്കുന്നത്. അതിലേതാണ് മാരകമെന്ന് പറയാനാവില്ല.
ഡൽഹിയിലെ ഫാസിസത്തിനെതിരായി യുദ്ധം ചെയ്ത് കുഞ്ഞാപ്പ തളർന്നിട്ടില്ല. അങ്ങനെ തളരുന്ന ദേഹവുമല്ല. മറ്റൊരു പഹയൻ കേരളത്തിൽ കിടന്ന് കറങ്ങുന്ന സ്ഥിതിക്ക് അപ്പഹയനെ തുരത്തിയോടിച്ചിട്ട് സമയമുണ്ടെങ്കിൽ തിരിച്ച് ഡൽഹിയിലെത്തി അവിടത്തെ ഫാസിസത്തിനെതിരായ യുദ്ധം തുടരാമെന്ന് കുഞ്ഞാപ്പ ചിന്തിച്ചാൽ തെറ്റ് പറയുന്നതെങ്ങനെ? മനുഷ്യത്വം പ്രധാനമാണ്. പ്രത്യേകിച്ച് ചെന്നിത്തലഗാന്ധിയും ചോമ്പാൽ ഗാന്ധി മുല്ലപ്പള്ളിജിയും മറ്റും വല്ലാതെ കഷ്ടപ്പെടുമ്പോൾ കണ്ണിൽ ചോരയുള്ളവർ അതെങ്ങനെ കണ്ടുനിൽക്കും! അതുകൊണ്ട് കേരളത്തിലാദ്യം കഞ്ഞികുടിക്കട്ടെ. അതുകഴിഞ്ഞ് ദേശീയ ഫാസിസത്തെയും പറ്റുമെങ്കിൽ ആഗോള ഫാസിസത്തെയും കൂടി തുരത്തിയോടിച്ചാലേ കുഞ്ഞാപ്പയുടെ ജീവിതം അർത്ഥപൂർണമാകൂ. അതുകൊണ്ടാരും തെറ്റിദ്ധരിക്കരുത് !
(ഇ-മെയിൽ: dronar.keralakaumudi@gmail.com)