
ഇന്ത്യയുടെ ഭരണഘടന ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നായി അംഗീകരിക്കപ്പെട്ടതാണ്. ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാശില്പികൾ ഇന്ത്യയുടെ ചരിത്രം വസ്തുനിഷ്ഠമായി അപ്രഗ്രഥിച്ച് പഠിച്ചശേഷമാണ് മതേതരത്വവും ജനാധിപത്യവും സാമൂഹ്യനീതിയും ഭരണഘടനയുടെ ആധാരശിലകളായി അംഗീകരിച്ചത്. ഇൗ മൂന്ന് ഘടകങ്ങൾക്കും തുല്യപ്രാധാന്യമാണ് ഭരണഘടന വിഭാവനം ചെയ്യുന്നതെങ്കിലും സാമൂഹ്യനീതി ഉറപ്പാക്കുന്നതിലൂടെ മാത്രമേ ത്യാഗോജ്ജ്വലമായ സമരങ്ങളിലൂടെ നേടിയ ഇന്ത്യയുടെ സ്വാതന്ത്ര്യം ശാശ്വതമാവുകയുള്ളൂ.
ചരിത്രപരമായി ഇന്ത്യയുടെ സുവർണകാലം നദീതീരങ്ങളിൽ നിലനിന്നിരുന്ന കാർഷിക സംസ്കാരത്തിന്റെ കാലഘട്ടമായിരുന്നു. ഇൗ കാലഘട്ടത്തിൽ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഭാരതീയ സംസ്കാരം മറ്റു പൗരാണിക സംസ്കാരങ്ങളെക്കാൾ മുൻപന്തിയിൽ നിന്നിരുന്നു എന്ന് കാണാം. അങ്ങനെ പ്രാചീന സംസ്കാരത്തിന്റെ നടുനായക സ്ഥാനം ഭാരതത്തിനും ഭാരതീയനുമായിരുന്നു. ശാസ്ത്ര സാങ്കേതികത്വത്തിന്റെ കുതിച്ചുചാട്ടവും തുടർന്നുണ്ടായ വ്യവസായ വിപ്ളവവും യഥാർത്ഥത്തിൽ ഉടലെടുക്കേണ്ടിയിരുന്നത് ഇന്ത്യയിലായിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് വിരുദ്ധമായി സംഭവിച്ച ആര്യന്മാരുടെ വരവും അവർ അധികാരം ഉറപ്പിക്കുന്നതിനുവേണ്ടി ഏർപ്പെടുത്തിയ ജാതിവ്യവസ്ഥയും ഇന്ത്യയേയും ഇന്ത്യക്കാരേയും പിന്നോട്ടടിച്ചു. ഇതുമൂലം ശാസ്ത്രരംഗത്തെ കുതിച്ചുചാട്ടവും വ്യവസായ വിപ്ളവവും പ്രതീക്ഷിച്ചതുപോലെ ഇന്ത്യയിൽ നടന്നില്ല. മറിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെട്ട ഇംഗ്ളണ്ടിലാണ് വ്യവസായ വിപ്ളവം ആരംഭിച്ചതെന്നു കാണാം.
ഇതിന്റെ കാരണങ്ങൾ തേടിപ്പോകുന്ന ഒരു ചരിത്ര വിദ്യാർത്ഥി എത്തിച്ചേരുന്നത് ജാതിവ്യവസ്ഥയുടെ ആവിർഭാവത്തിലാണ്. ജാതിവ്യവസ്ഥയും അതിന്റെ ഭാഗമായുണ്ടായ വിദ്യാനിഷേധവും കാർഷിക കാലഘട്ടത്തിൽ അറിവിന്റെ കാര്യത്തിൽ ലോകത്തിലെ യജമാനന്മാരാകേണ്ടിയിരുന്ന ഇന്ത്യക്കാരിൽ നിന്ന് വിദ്യാനിഷേധത്തിലൂടെ അറിവ് ചോർത്തിയെടുത്തു. അങ്ങനെ ഇന്ത്യക്കാർ ഒരു നിരക്ഷര സമൂഹമായി മാറി.
ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ അതിവേഗം മുന്നോട്ടു നീങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ വ്യവസായ വിപ്ളവത്തിന്റെ ഫലമായി ഒരു പുത്തനുണർവ് പ്രകടമായി.തുടർന്ന് വ്യവസായവത്കൃത രാജ്യങ്ങൾ അസംസ്കൃത വസ്തുക്കളുടെ കലവറയായ ഇന്ത്യയിലേക്ക് കടൽമാർഗം എത്തിച്ചേരുന്നതിനുള്ള വഴി കണ്ടുപിടിച്ചു. അങ്ങനെ ആദ്യം കൊളംബസും പിന്നാലെ വാസ്കോഡഗാമയും ഇന്ത്യയിലേക്ക് വന്നു. വാസ്കോഡഗാമ ലക്ഷ്യം കണ്ടെത്തി. തുടർന്ന് ഇന്ത്യയിൽ ചുവടുറപ്പിച്ച ബ്രിട്ടീഷ് ഇൗസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യയുടെ സമ്പന്നമായ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുക മാത്രമല്ല നമ്മുടെ രാജ്യത്തെ ഒരു ബ്രിട്ടീഷ് കോളനിയാക്കി മാറ്റുകയും ചെയ്തു.
ലെജിസ്ളേചർ, എക്സിക്യൂട്ടീവ്, ജ്യൂഡീഷ്യറി ഇവ മൂന്നിലും ജനസംഖ്യാനുപാതികമായ പ്രാതിനിദ്ധ്യം ഉറപ്പാക്കേണ്ടതും തദനുസൃതമായ സ്ഥിതിവിവരകണക്കുകൾ കുറഞ്ഞത് അഞ്ച് വർഷത്തിൽ ഒരിക്കലെങ്കിലും വസ്തുനിഷ്ഠമായി പുനരവലോകനം ചെയ്യേണ്ടതുമുണ്ട്. ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം എല്ലാ ജാതിക്കാർക്കും ഉറപ്പാക്കുന്നതോടൊപ്പം മിശ്രവിവാഹിതർക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിൽ ഉപരി ഒരു പ്രോത്സാഹന വിഹിതവും നൽകി. എല്ലാ സാമൂഹ്യ വിഭാഗങ്ങളെയും മിശ്രവിവാഹത്തിലേക്ക് നയിക്കുന്ന ഒരു രീതി അഭികാമ്യമായിരിക്കും. കേരളത്തിലെ പല സംഘടനകളും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തിനു വേണ്ടി വാദിക്കാറുണ്ടെങ്കിലും അവയുടെ പ്രവർത്തനങ്ങൾ ജാതി നിർമ്മാർജനം എന്ന ലക്ഷ്യത്തിൽ നിന്നകന്ന് ജാതിയെ നിലനിറുത്തൽ എന്ന ചുവടുമാറ്റത്തിൽ ഉൗന്നിയുള്ളവയാണെന്നു കാണാം. ഇൗ രീതിക്ക് വ്യതിയാനം വരേണ്ടതുണ്ട്.
വിവിധ സാമൂഹിക വിഭാഗങ്ങൾ തമ്മിലുള്ള അസന്തുലിതാവസ്ഥ നിർമ്മാർജ്ജനം ചെയ്യുന്നതിലൂടെ സാമൂഹ്യനീതി കൈവരിക്കാൻ കഴിയുമെങ്കിലും ഇതോടൊപ്പം സാമ്പത്തികനീതി കൂടി ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി സാമ്പത്തികമായ അസന്തുലിതാവസ്ഥയും നിർമ്മാർജനം ചെയ്യേണ്ടതുണ്ട്. ഇത് സാദ്ധ്യമാകണമെങ്കിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് മാത്രമല്ല മുഴുവൻ സ്കൂൾ കുട്ടികൾക്കും ഫീസ് ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും ലഭ്യമാക്കണം. ഒരു കുട്ടിക്കുപോലും സാമ്പത്തികമായ പിന്നാക്കാവസ്ഥകൊണ്ട് വിദ്യ നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം.
അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മയും മറ്റൊരു വെല്ലുവിളിയാണ്. തൊഴിൽ രഹിതരായ എല്ലാവർക്കും തൊഴിലില്ലായ്മ വേതനം ലഭ്യമാക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് കാണാം. കൂടുതൽ തൊഴിൽലവസരങ്ങൾക്കായി തൊഴിൽദാതാക്കളും സർക്കാരും കൈകോർത്തു മുന്നോട്ടു നീങ്ങേണ്ടതുമുണ്ട്. ഇതിനായി വ്യവസായ സംരംഭകരെ ചൂഷകരും സാമൂഹ്യദ്റോഹികളുമെന്നു മുദ്രകുത്തുന്ന രീതി മാറണം. അങ്ങനെ കൂട്ടായ പ്രയത്നത്തിലൂടെ ഒരു പുത്തൻ സാമ്പത്തികക്രമം നമുക്ക് വളർത്തിയെടുക്കാം. ഇതിനായി സാമൂഹികമായും സാമ്പത്തികമായും നീതി ഉറപ്പാകുംവിധം ഇൗ രംഗത്തുള്ള എല്ലാ സംഘടനകളുടെയും വിശാലമായ ഒരു വേദി ഉണ്ടാകേണ്ടിയിരിക്കുന്നു. ഇത്തരം ഒരു വേദി ശിവഗിരിയിലൂടെ രൂപീകരിക്കുകയും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തിലൂടെ സാമൂഹ്യ നീതി കൈവരിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇൗ പ്രക്രിയയിൽ കേരളകൗമുദിയെപ്പോലുള്ള പത്രമാദ്ധ്യമങ്ങൾക്കും ദൃശ്യമാദ്ധ്യമങ്ങൾക്കും നിർണായകമായ പങ്ക് വഹിക്കാനുണ്ടെന്നാണ് ഇൗ ലേഖകന്റെ അഭിപ്രായം.
( ലേഖകൻ ഡോ. പല്പു ഫൗണ്ടേഷൻ രക്ഷാധികാരിയാണ്. ഫോൺ: 7356287676)