
അറിവിന്റെ തീർത്ഥാടനമായ ശിവഗിരി തീർത്ഥാടനത്തിന് ശിവഗിരി കുന്നിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തർക്ക് വന്ന് നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യമാണല്ലോ നിലനിൽക്കുന്നത്. അതിൽനിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് ലോകം ഗഹനമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഗുരുഭക്തരെ സംബന്ധിച്ചിടത്തോളം ഡിസംബർ 30,31 ജനുവരി 1 എന്നീ തീയതികൾ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഭഗവാൻ ശിവഗിരി തീർത്ഥാടനത്തിന് ഭക്തർക്ക് അനുമതി നൽകിയപ്പോൾ ഭക്തരുടെ ഒരാഗ്രഹമായിരുന്നു ആ ദിവസങ്ങളിൽ പ്രത്യേകിച്ച് 'ഭഗവാന്റെ സാന്നിദ്ധ്യം' ശിവഗിരിയിൽ ഉണ്ടാകണമെന്നത്. അവിടുന്ന് അതും അനുവദിച്ചനുഗ്രഹിച്ചു. ഈ കാര്യം അറിയുന്ന ഭക്തർ പഞ്ചശുദ്ധിവ്രതം എടുത്ത് ഭഗവത് സന്നിധിയിലേക്ക് എത്തുന്നതും ഈ ഒരു പ്രത്യേക അനുഭൂതിനുകരുവാനാണ്.
ശിവഗിരിമഠം, ഗവൺമെന്റിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ മാനിച്ച് മഠത്തിന്റെ ഒഫിഷ്യൽ യൂട്യുബ് ചാനലായ ശിവഗിരി ടിവിയിലൂടെ ശിവഗിരി തീർത്ഥാടന വേദിയിൽ നടന്നിരുന്ന എട്ട് വിഷയങ്ങളെ അധികരിച്ച് നടത്തേണ്ടുന്ന വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, സംഘടന, വ്യവസായം, കൈത്തൊഴിൽ, ശാസ്ത്രസാങ്കേതിക പരിജ്ഞാനം എന്നിവയിൽ പ്രഗല്ഭരായ വ്യക്തിത്വങ്ങളെ കൊണ്ട് എട്ടു ഭാഷകളിൽ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, മറാത്തി) ഓൺലൈൻ വെർച്യുൽ തീർത്ഥാടനമായി ഡിസംബർ 25 മുതൽ ജനുവരി 1 വരെ നടത്തുകയാണ്. കൂടാതെ മഠത്തിൽ നടക്കുന്ന പ്രധാനപ്പെട്ട പൂജകളും കൊടിയേറ്റും പുതുവത്സര പൂജയും പ്രതിമാ പ്രതിഷ്ഠാവാർഷിക പൂജയും എല്ലാം തത്സമയം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു .
ഭൗതികതയും ആത്മീയതയും സമന്വയിപ്പിച്ചു കൊണ്ടുളള ഒരു ചിന്താ പദ്ധതിയാണ് ശിവഗിരി തീർത്ഥാടനം. ഇത് ഗുരുവിന്റെ ആശയമല്ലെന്ന ചിലരുടെ അഭിപ്രായം നാം ഈയിടെയായി കേൾക്കുന്നുണ്ട്. ഗുരുവിനെപ്പോലെ മനുഷ്യന്റെ പ്രശ്നങ്ങളെ സമഗ്രമായി കാണാനുളള ഉൾക്കാഴ്ച ഇല്ലാത്തതു കൊണ്ടാണ് അങ്ങനെ ഒരു അഭിപ്രായം വരുന്നത്. വർത്തമാനകാലത്താണ് ജീവൻ മുക്തരായ ഗുരുക്കൻമാർ ജീവിക്കുന്നതും പ്രവർത്തിക്കുന്നതും. നാം ഒക്കെ ഒന്നുകിൽ കഴിഞ്ഞകാലത്തിലും അല്ലെങ്കിൽ വരും കാലത്തും ആണ്. വർത്തമാനകാലത്ത് ജീവിക്കുവാൻ നാം മറക്കുന്നു. അതാണ് മാനവരാശിയുടെ പ്രധാന പ്രശ്നം. നമുക്ക് എപ്പോഴും പലതിനെയും താരതമ്യപ്പെടുത്തി ചിന്തിക്കുവാനും അനുകരിക്കാനും വലിയ താത്പര്യമാണ്. തനതായി ചിന്തിക്കുവാനും ജീവിക്കാനും സാധിക്കുന്നില്ല. അതുകൊണ്ട് ചിന്തകൾക്ക് ജീവനില്ലാതെ വരുന്നു. ഗുരുവിന്റെ ചിന്തകൾ 'പുരാ അപി നവം" ആയിരുന്നു. ഭൂതവും ഭാവിയും, വർത്തമാനത്തിൽ നിന്നും വേറല്ലെന്ന് പഠിപ്പിച്ച ഗുരുവിന്റെ ചിന്തകളെ, ഭൂതത്തിലും ഭാവിയിലും മാത്രം ചിന്തിക്കുന്ന നമ്മൾക്കെങ്ങനെ മനസിലാകും. ഒരു പക്ഷേ ഗുരുസ്വരൂപത്തെ ഉൾക്കൊളളാൻ, 'ചിന്തിച്ച് ചിന്തിച്ച് ചിത്താ"യിരിക്കാൻ, 'ഓരോന്നതായവയവം പിരിച്ച് വേറാക്കി' നോക്കാൻ വേണ്ടുന്ന ആന്തരിക ബലം നാം എന്ന് നേടും?
ജീവൻ മുക്തന്മാർ എപ്പോഴും വർത്തമാനകാലത്താണ് ജീവിക്കുന്നതെന്ന അവബോധം ഉണ്ടാകേണ്ടത് നമുക്കാണ്. അതുകൊണ്ടാണ് അവരുടെ പ്രവൃത്തികളുടെ പൊരുൾ മനസ്സിലാക്കാൻ നമ്മൾക്ക് സാധിക്കാതെ പോകുന്നത്. ശിവഗിരി തീർത്ഥാടനത്തെക്കുറിച്ച് ഗുരുവിനോട് സാധാരണ ഭക്തർ സംവദിച്ചത് അവരുടെ തലത്തിൽ നിന്നു കൊണ്ടാണ്. അപ്പോൾ ഉത്തമനായ ഗുരു അവരുടെ തലത്തിലേക്ക് ഇറങ്ങി നിന്നു കൊണ്ട് അവരെ കൈപിടിച്ച് ഉയർത്തുവാനുളള ഒരു ഉപായമാണ് സ്വത സിദ്ധമായ ശൈലിയിൽ പറഞ്ഞു കൊടുത്തത്. അതിൽ മനുഷ്യൻ എത്തിച്ചേരേണ്ട ശ്രേഷ്ഠമായ പരാവിദ്യയും ഒളിപ്പിച്ച് വച്ചിട്ടുണ്ട്. അത് നമ്മൾക്ക് മനസ്സിലാകാത്തത് ആരുടെ കുറ്റമാണ് ? 'ന ബുദ്ധിഭേദം ജനയേത് അജ്ഞാനാം കർമ്മസംഗിനാം" എന്ന് ശ്രീകൃഷ്ണൻ എടുത്ത നിലപാട് അഭിപ്രായം പറയുന്നവർ അറിഞ്ഞിരിക്കണം.
പഞ്ചശുദ്ധിയെക്കുറിച്ച് ഗുരു സംവദിച്ചപ്പോൾ നാം അതിന് വേണ്ട വില കൊടുത്തില്ല. ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധി പരമപ്രധാനമെന്ന് ശ്രീ നാരായണ ഋഷി പറഞ്ഞപ്പോൾ അത് ആയിരത്താണ്ടുകളായി ഋഷിമാർ കൈമാറി വരുന്ന ഒന്നാണെന്ന് ആധുനിക സമൂഹത്തിന് മനസ്സിലാക്കാൻ പറ്റാതെ പോയി. നമ്മുടെ മുൻവിധികൾ എന്തെല്ലാം കാര്യങ്ങളെയാണ് തകർത്ത് തരിപ്പണമാക്കിയതും, ആക്കുന്നതും. ഋഷിവാണികളിലെ അശ്രദ്ധയാണ് നമ്മുടെ നാശത്തിന് കാരണമായി നിൽക്കുന്നത്.
ഉദാത്തമായ ഒരു സംസ്കാരത്തെ സ്വാർത്ഥമതികൾ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന അപചയമാണ് നമ്മുടെ മുമ്പിൽ നാം കാണുന്നത്. ഭൗതികമായാലും ആത്മീയമായാലും സ്വാർത്ഥമതി അതിനെ കൈകാര്യം ചെയ്യുമ്പോൾ സത്യം നിശബ്ദമാകും. ഈ കാലുഷ്യത്തെ മാറ്റാനാണ് മനശുദ്ധിയിലൂടെ ഗുരു ഉദ്ദേശിക്കുന്നത്. ചിന്തയും വാക്കും പ്രവൃത്തിയും ഒരേ പോലെ വരുമ്പോഴേ മനശുദ്ധി പ്രാവർത്തികമാകൂ. നമ്മൾ മറ്റുളളവരുടെ മനസ്സിലേക്കല്ല നോക്കേണ്ടത്, മറിച്ച് അവനവന്റെ മനസിലേക്കാണ്. പ്രകൃതിയെയും മനുഷ്യനെയും ഇത്രമാത്രം ശ്രദ്ധയോടെ കൈകാര്യം ചെയ്ത ഗുരുവിന്റെ ആശയങ്ങളിലൂന്നി നിന്നു കൊണ്ട് നമുക്ക്, മനുഷ്യരാശിക്ക് മുന്നോട്ടുള്ള പ്രയാണത്തെ ത്വരിതപ്പെടുത്താം.
88-ാം ശിവഗിരി തീർത്ഥാടനം പ്രഥമ ഓൺലൈൻ വെർച്യുൽ തീർത്ഥാടനമായി നാം ആഘോഷിക്കുമ്പോൾ നമ്മുടെ മനസിനെ അറിവിന്റെ ഏറ്റവും ഉദാത്തമായ തലത്തിലേക്ക് നയിക്കാനും മുൻവിധികളില്ലാതെ അവനവനെയും മറ്റുളളവരെയും പ്രകൃതിയെയും പക്ഷി മൃഗാദികളെയും ആശ്ലേഷിക്കുന്ന കാരുണ്യവും ദയയും മുൻവിധികളില്ലാത്ത സ്നേഹവും പകരുവാൻ നമ്മുക്ക് സാധിക്കണം. മനസിന്റെയും ബുദ്ധിയുടെയും വളവിനെ നിവർത്തുവാൻ എന്തു കൊണ്ടും യോഗ്യം ശിവഗിരി തീർത്ഥമാണ് - പരമഗുരുവിന്റെ, അറിവിന്റെ തീർത്ഥമാണ് - എന്നുള്ളതിൽ യാതൊരു സംശയത്തിനും ഇടമില്ല. അത് അത്രമാത്രം സാന്ദ്രമാണ്, അഭയമാണ്, സ്വപ്രകാശമാണ്. അപൂർവ്വമായി ലഭിച്ച ഗുരുവിനെയും മനുഷ്യ ജന്മത്തെയും ഉപയോഗപ്പെടുത്തി കൃതകൃത്യരാകാം എന്ന പ്രാർത്ഥനയോടെ പ്രഥമ ആഗോള വെർച്യുൽ ശിവഗിരി തീർത്ഥാടനത്തിലേയ്ക്ക് ഏവർക്കും സ്വാഗതം.
(ഫോൺ: 9400475545)