
കൊച്ചി: നഗരകേന്ദ്രീകൃത ചരക്കുനീക്കത്തിന് അനുയോജ്യമായി ടാറ്റാ മോട്ടോഴ്‌സ് ഒരുക്കിയ പുത്തൻ ചെറു വാണിജ്യ വാഹനമാണ് (എൽ.സി.വി) അൾട്ര ടി7. ഏറെ ഒതുക്കമുള്ള രൂപകല്‌പനയും കാബിനുമാണ് അൾട്ര ടി7ന്റെ മുഖ്യ സവിശേഷത. ഇത്, ഇടുങ്ങിയ റോഡുകളിലും അനായാസവും വേഗത്തിലുമുള്ള യാത്ര സാദ്ധ്യമാക്കും.
ടേൺ എറൗണ്ട് ടൈം ലാഭിക്കാമെന്നതിനാൽ, വാഹനത്തിന്റെ ഉടമയ്ക്ക് ഉയർന്ന വരുമാനം നേടാനുള്ള സമയനേട്ടവും ലഭിക്കും. വിവിധ ആവശ്യങ്ങൾക്ക് ഇണങ്ങുംവിധം 4 ടയർ, 6 ടയർ പതിപ്പുകളിൽ വാഹനം ലഭിക്കും. 100 എച്ച്.പി കരുത്തും 300 എൻ.എം. ടോർക്കുമുള്ള എൻജിൻ മികച്ച പ്രകടനം നടത്തും. ശക്തമായ മോഡുലാർ ഷാസി ഡിസൈൻ, റേഡിയസ് ട്യൂബ്‌ലെസ് ടയറുകൾ എന്നിവയും മേന്മയാണ്.
മികച്ച എയർബ്രേക്ക്, ക്രമീകരിക്കാവുന്ന സീറ്റുകൾ, ടിൽറ്റ് ആൻഡ് ടെലസ്‌കോപ്പിക് പവർ സ്‌റ്റിയറിംഗ്, ഡാഷ് മൗണ്ടഡ് ഗിയർ ഷിഫ്‌റ്റർ, മ്യൂസിക് സിസ്‌റ്റം, യു.എസ്.ബി ഫാസ്‌റ്റ് ചാർജിംഗ്, ഉയർന്ന സ്‌റ്റോറേജ് സ്‌പേസ് എന്നിങ്ങനെയും സവിശേഷതകൾ നീളുന്നു.
എൽ.പി.ജി സിലിണ്ടറുകൾ, ഗൃഹോപകരണങ്ങൾ, ഇ-കൊമേഴ്‌സ് ഉത്‌പന്നങ്ങൾ, ഇലക്‌ട്രോണിക്‌സ് ഉത്‌പന്നങ്ങൾ, അവശ്യസാധനങ്ങൾ എന്നിവ കൊണ്ടുപോകാൻ ഏറെ അനുയോജ്യമാണ് അൾട്ര ടി7.