തിരുവനന്തപുരം: കരമന ഇ.എസ്.ഐ ഡിസ്‌പെൻസറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് മെഡിക്കൽ ബില്ലുകൾ കാണാതായ സാഹചര്യത്തിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നു തുക ഈടാക്കി രോഗിക്ക് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഇ.എസ്.ഐ ഡയറക്ടർക്ക് ഉത്തരവ് നൽകി. 2479 രൂപയുടെ ബില്ലുകളാണ് നഷ്ടപ്പെട്ടത്. കണ്ടല സ്വദേശി ആർ. എസ് സുരേഷ് കുമാറിന്റെ മകന് 2015 ഒക്ടോബറിൽ പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽ നടത്തിയ ചികിത്സക്ക് വേണ്ടി മരുന്ന് വാങ്ങിയ ബില്ലുകളാണ് കാണാതായത്. കമ്മിഷൻ ഇ.എസ്.ഐ ഡയറക്ടറെക്കൊണ്ട് അന്വേഷണം നടത്തിയിരുന്നു. ബില്ലുകൾ കാണാതായതായി അന്വേഷണത്തിൽ വ്യക്തമായി. ജീവനക്കാർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കാമെന്നും റിപ്പോർട്ടിലുണ്ട്. തുക നൽകാൻ കാലതാമസം പാടില്ലെന്നും കമ്മിഷൻ നിർദ്ദേശിച്ചു.