
കല്ലമ്പലം: കടമ്പാട്ടുകോണം ഫാർമസി ജംഗ്ഷനിൽ ഇന്ദ്രപ്രസ്ഥ ബാറിന് സമീപം വാൾ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്‌ത കേസിൽ മൂന്നുപേർ പിടിയിൽ. നാവായിക്കുളം വെട്ടിയറ വിളയിൽ പുത്തൻവീട്ടിൽ പാച്ചൻ എന്ന പ്രവീൺ ( 25), കല്ലുവാതുക്കൽ ഇളംകുളം പുളിമ്പള്ളി മേലേതിൽ വീട്ടിൽ അബു എന്ന അനിൽകുമാർ (27), കൊട്ടാരക്കര സ്വദേശി ചന്തു എന്ന അഭയകൃഷ്‌ണൻ ( 27 ) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി 8ഓടെയായിരുന്നു മാരകായുധങ്ങളുമായെത്തിയ ഗുണ്ടാസംഘം ബാറിലെത്തിയവരെ മർദ്ദിക്കുകയും വാൾ വീശി ഓടിക്കുകയും പരിസരത്ത് പാർക്ക് ചെയ്‌തിരുന്ന കാർ അടിച്ചുതകർക്കുകയും ചെയ്‌തത്. സ്ഥലത്തെത്തിയ കല്ലമ്പലം പൊലീസിന് നേരെ ഇവർ കല്ലെറിയുകയും പൊലീസ് വാഹനം നശിപ്പിക്കുകയും ചെയ്‌തു. ആറ്റിങ്ങൽ, പള്ളിക്കൽ, അയിരൂർ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസ് എത്തിയതോടെയാണ് അക്രമിസംഘം ഓടിരക്ഷപ്പെട്ടത്. പ്രതികൾ പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ മുക്കട വച്ച് ബൈക്ക് യാത്രക്കാരനായ വിജയൻപിള്ള എന്നയാളിനെയും ആക്രമിച്ചു. ഒളിവിൽ കഴിഞ്ഞ പ്രതികളെ സിസി ടി.വി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞതിന് പിന്നാലെ ആറ്റിങ്ങൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കല്ലമ്പലം പൊലീസും നടത്തിയ തെരച്ചിലിലാണ് ഇവർ പിടിയിലായത്. പ്രവീണിനെ എറണാകുളത്തെ ഒളിസങ്കേതത്തിൽ നിന്നും അനിൽകുമാറിനെ വീട്ടിൽ നിന്നും ആന പാപ്പാനായ അഭയകൃഷ്ണനെ പനയറയുള്ള ആനക്കൊട്ടിലിൽ നിന്നുമാണ് പിടികൂടിയത്. അഭയ കൃഷ്‌ണനെ ചോദ്യം ചെയ്‌തതിൽ നിന്നും കഴിഞ്ഞമാസം കല്ലമ്പലം ആലുംകുന്ന് ഭാഗത്ത് റോഡ് സൈഡിൽ പാർക്ക് ചെയ്‌തിരുന്ന പ്രസന്നൻ എന്നയാളുടെ സ്‌കൂട്ടർ കത്തിച്ചതായി സമ്മതിച്ചിട്ടുണ്ട്. കല്ലമ്പലം സി.ഐ ഫറോസ് ഐ, എസ്.ഐ ഗംഗപ്രസാദ്, എ.എസ്.ഐ രാജീവ്, സി.പി.ഒ വിനോദ്, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ ഫിറോസ് ഖാൻ, എ.എസ്.ഐ ബി.ദിലീപ് , ആർ.ബിജുകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതപ്പെടുത്തി.