vishnu

തിരുവനന്തപുരം: ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ മണ്ണന്തല പൊലീസ് പിടികൂടി. നെട്ടയം വാർഡിൽ എ.കെ.ജി നഗർ വിഷ്ണു ഭവനിൽ വിഷ്ണുവിനെയാണ് (27) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. നെട്ടയം മഞ്ജു ഭവനിൽ സനൽ കുമാറിനെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. സനൽകുമാറും ബന്ധുക്കളും വീട്ടിൽ ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടപ്പെടാതെ വിഷ്ണു വീട്ടിൽ അതിക്രമിച്ച് കടന്ന് വാക്കേറ്റത്തിൽ ഏർപ്പെടുകയും വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ പിടികൂടുന്നതിനായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ. ദിവ്യ.വി. ഗോപിനാഥിന്റെ നിർദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ചിരുന്നു. ഇവർ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. മണ്ണന്തല എസ്.എച്ച്.ഒ സജുകുമാർ, എസ്.ഐ ഗോപിചന്ദ്രൻ, സി.പി.ഒമാരായ രതീഷ്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.