കട്ടപ്പന: ഇരട്ടയാർ സ്വദേശി സെബിൻ എബ്രഹാം വീഡിയോ കോപ്പി ചെയ്യാനായി സുഹൃത്തിന്റെ ലാപ്‌ടോപ്പിൽ മെമ്മറി കാർഡ് ഇട്ട് ഇന്റർനെറ്റ് ഓൺ ആക്കിയതാണ്. ഒരു ഫയൽ തനിയെ ഡൗൺലോഡായി മറ്റു ഫയലുകൾ നഷ്ടമാകുന്നു. ഒപ്പം ഒരറിയിപ്പും, 80 ഡോളർ നൽകിയാൽ ഫയലുകൾ മടക്കി നൽകാം! തുക കൂടിക്കൊണ്ടിരുന്നു. ഒടുവിൽ 72 മണിക്കൂറിനുള്ളിൽ 980 ഡോളർ നൽകിയാൽ വിവരങ്ങൾ തിരിച്ചുനൽകാമെന്നാണ് അറിയിച്ചത്. വിൻഡോസ് 10 ലാപ്‌ടോപ്പിൽ ഇതേ ഓപ്പറേറ്റിംഗ് സിസ്റ്റം വീണ്ടും ഇൻസ്റ്റാൾ ചെയ്തായിരുന്നു ഹാക്കർമാരുടെ ആക്രമണം. ഇതോടെ മറ്റ് ആന്റി വൈറസ് സോഫ്‌റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യാനാവാതെവന്നു. ലാപ്‌ടോപ് ഓഫാക്കി വച്ചിരിക്കുമ്പോഴായിരുന്നു ഹാക്കിംഗ്.
ഹാക്കിംഗ് ഇങ്ങനെ:
സർവസാധാരണമായി ജി മെയിൽ ഉപയോഗിക്കുന്ന സാധാരണക്കാരും ഹാക്കർമാരുടെ തട്ടിപ്പിന് ഇരയാകുന്നു. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളുടെയോ ബാങ്കുകളുടെയോ പേരിലുള്ള വ്യാജ ഇ- മെയിലുകൾ നിങ്ങളുടെ സിസ്റ്റത്തിലെത്താം. അറ്റാച്ച്‌മെന്റ് ഫയലും ഉണ്ടാകും. ലിങ്ക് തുറന്നാൽ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യപ്പെടും. നിങ്ങളുടെ കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ഹാക്കർമാരുടെ നിയന്ത്രണത്തിലാകും. ജി മെയിൽ, ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് പാസ്‌വേഡുകളും ഫോണിലെ നമ്പരുകളും മറ്റ് വിവരങ്ങളും ചോർത്തും.
അടുത്ത ഘട്ടത്തിൽ നിങ്ങളുടെ മെയിലിൽ നിന്നു നിങ്ങൾ അറിയാതെ പണം ആവശ്യപ്പെട്ട് മറ്റുള്ളവർക്ക് ഇ-മെയിലുകൾ പോകും. സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങളും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും അയയ്ക്കും. പറഞ്ഞ സമയത്തിനകം പണം ഡോളറിൽ നൽകിയില്ലെങ്കിൽ വിവരങ്ങൾ അടക്കം നഷ്ടമാകും. പണം ആവശ്യപ്പെട്ടുള്ള മെയിലിന്റെ സ്രോതസൊന്നും കണ്ടെത്താനാവില്ല. വൈറസ് പ്രോഗ്രാമുകൾ അടങ്ങുന്ന ഇത്തരം ഇ-മെയിലുകളെ 'ഫിഷിംഗ്' മെയിലുകൾ എന്നും വിളിക്കുന്നു. ചൂണ്ട ഇട്ട് മീൻ പിടിക്കുന്നതു പോലെയാണിത്.
മുൻകരുതലുകൾ
@പരിചിതമല്ലാത്ത ഇ-മെയിലുകൾ തുറക്കാതിരിക്കുക.
@ഫോണുകളിൽ ജി മെയിൽ പുതിയ വെർഷൻ അപ്‌ഡേറ്റ് ചെയ്യുക. @പാസ്‌വേഡുകൾ ഫോണിലോ കമ്പ്യൂട്ടറിലോ സൂക്ഷിക്കാതിരിക്കുക.
@ഫോണുകളിൽ ലോക്ക് പാറ്റേൺ ഉപയോഗിക്കുക.
@ബാങ്കുമായി ബന്ധപ്പെട്ട ഇ-മെയിലുകൾ വിളിച്ച് ഉറപ്പാക്കി മാത്രം തുറക്കുക.
@ഒ.ടി.പി നമ്പരുകൾ കൈമാറാതിരിക്കുക.
- ക്രിസ്‌പിൻ എബ്രഹാം (സൈബർ വിദഗ്ദ്ധൻ)