ഹസ്തദാനത്തും ആലിംഗനത്തിനും കുറവില്ല
തൊടുപുഴ: തദ്ദേശതിരഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കിയായതോടെ വാശിയേറിയ പ്രചാരണത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറക്കുന്നു. മാസ്‌ക് ധരിക്കലും സാമൂഹിക അകലവും പേരിനു മാത്രമായി. ഭവന സന്ദർശനത്തിൽ പലയിടത്തും വലിയ ആൾക്കൂട്ടമാണ്. പലരും മാസ്‌ക് ധരിക്കുന്നില്ലെന്നു മാത്രമല്ല പല സ്ഥാനാർത്ഥികളും വീടുകൾക്കുള്ളിൽ വരെ കടന്നു ഹസ്തദാനവും ആലിംഗനവും നടത്തുന്നതായും ആരോപണമുണ്ട്. പലർക്കും ഇഷ്ടമില്ലെങ്കിൽ പോലും മുഖത്തു നോക്കി പറയാനുള്ള ബുദ്ധിമുട്ട് കാരണം സഹിക്കുകയാണത്രെ. പല സ്ഥാനാർത്ഥികളും മാസ്‌ക് കയ്യിൽ ചുരുട്ടി വച്ചാണ് നടപ്പ്. ഭവന സന്ദർശനത്തിൽ അഞ്ചു പേരിൽ കൂടാൻ പാടില്ല. വീടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്നും പുറത്തു സാമൂഹിക അകലം പാലിച്ചു വോട്ടു തേടണമെന്നുമാണ് സർക്കാരും പറയുന്നത്. എന്നാൽ പ്രചരണ ചൂടിൽ ഇതെല്ലാം മറന്ന മട്ടാണ്.