തൊടുപുഴ: ത്രിതല തിരഞ്ഞെടുപ്പെന്നു പൊതുവെ പറയുമെങ്കിലും നാട്ടിൽ എല്ലായിടത്തും 'ത്രിതലമല്ല' വോട്ടെടുപ്പ്. കോർപറേഷൻ, നഗരസഭാ പരിധികളിലെ വോട്ടർമാർക്കു സ്വന്തം ഡിവിഷൻ കൗൺസിലർ അഥവാ വാർഡ് അംഗത്തെ മാത്രമേ തിരഞ്ഞെടുക്കാനാകൂ. ഇടുക്കിയെ സംബന്ധിച്ചിടത്തോളം കട്ടപ്പന, തൊടുപുഴ നഗരസഭകളിൽ ഒരൊറ്റ വോട്ടിൽ തിരഞ്ഞെടുപ്പു പൂർത്തിയാകും. മറ്റൊരു വോട്ടിനു വകുപ്പില്ല. പക്ഷേ, ഗ്രാമപഞ്ചായത്ത് മേഖലകളിൽ താമസിക്കുന്നവർ വോട്ടിന്റെ കാര്യത്തിൽ അതിസമ്പന്നരാണ്. അവർക്ക് ഒന്നല്ല മൂന്ന് വോട്ടു ചെയ്യാം. ആദ്യത്തേതു ഗ്രാമ പഞ്ചായത്ത് അംഗത്തെ തിരഞ്ഞടുക്കാൻ. അടുത്തതു ബ്ലോക്ക് പഞ്ചായത്ത് സാരഥിയെ. ഇനിയൊരെണ്ണം ജില്ലാ പഞ്ചായത്ത് അംഗത്തിനായി. പേരിൽ പഞ്ചായത്തുണ്ടെങ്കിലും ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ പ്രചാരണ രീതികളിൽ ചെറിയ വ്യത്യാസമുണ്ട്. ഗ്രാമീണ മേഖലകളിൽ ഓരോ വോട്ടറെയും നേരിട്ടറിയാം, മിക്കവാറും സ്ഥാനാർത്ഥികൾക്ക്. നഗര മേഖലകളിൽ അത്രത്തോളം പരിചയം സൃഷ്ടിക്കുക അൽപം പ്രയാസം. ഗ്രാമപഞ്ചായത്തിലും നഗരസഭയിലും വാർഡുകളുടെ വലുപ്പം അനുസരിച്ചു വോട്ടർമാരുടെ എണ്ണത്തിൽ വ്യത്യാസമുണ്ടാകുമെങ്കിലും ശരാശരി 1000- 1,500 വോട്ടർമാരേ ഉണ്ടാകൂ. പലവട്ടം അവരെ നേരിൽക്കാണാനും വോട്ടു തേടാനും സൗഹൃദം പുതുക്കാനുമൊക്കെ സമയം കിട്ടും. അഞ്ചോ ആറോ ഗ്രാമ പഞ്ചായത്തു വാർഡുകൾ ഉൾപ്പെട്ടതാണ് ബ്ലോക്ക് ഡിവിഷൻ. ബ്ലോക്ക് സ്ഥാനാർത്ഥികൾക്കു മുഴുവൻ വോട്ടർമാരെയും നേരിൽക്കാണുക എളുപ്പമല്ല. എങ്കിലും മിക്ക ബ്ലോക്ക് സ്ഥാനാർത്ഥികളും തങ്ങളുടെ മുന്നണിയുടെ ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികൾക്കൊപ്പം വീടു കയറ്റത്തിനു സമയം കണ്ടെത്താറുണ്ട്.
എങ്കിലും, എല്ലായിടത്തും നേരിട്ടെത്തുക പ്രയാസം. ഒന്നിലേറെ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടതാകും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ. ഓരോ വോട്ടറെയും നേരിൽക്കണ്ടുള്ള വോട്ടു ചോദ്യം സാധ്യമല്ല. പ്രമുഖ വ്യക്തികളിലും സ്ഥാപനങ്ങളിലും മറ്റുമായി നേരിട്ടുള്ള വോട്ടു തേടൽ പരിമിതപ്പെടും. കൺവെൻഷനുകളും ഉച്ചഭാഷിണി അനൗൺസ്‌മെന്റുകളും കവല യോഗങ്ങളും മറ്റുമാണ് അവരുടെ പ്രചാരണ മാർഗങ്ങൾ.
നോട്ടീസ്, പോസ്റ്റർ, കട്ടൗട്ട്, ഡിജിറ്റൽ പ്രചാരണ ഉപാധികൾ ഉപയോഗിക്കുന്നതിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വേർതിരിവുകളില്ല. പ്രമുഖ മുന്നണികൾ അവരുടെ മൂന്ന് സ്ഥാനാർഥികളുടെയും നോട്ടീസുകൾ ഒരുമിച്ചു വോട്ടർമാരിലെത്തിക്കാൻ ശ്രമിക്കാറുണ്ട്. എങ്കിലും, ആദ്യമെത്തുക അയൽപക്കത്തുള്ള സ്വന്തം സ്ഥാനാർത്ഥിയുടെ തന്നെയാകും.