ഇടുക്കി: അൻപുള്ള തമിഴ് മക്കളേ... മറയൂർ പഞ്ചായത്തിന് പോർ കളത്തിൽ നമ്മ അൻപ് തോഴൻ... ഇത് നമ്മുടെ കേരളം തന്നെയാണോ... അഞ്ചുനാട് മേഖലയിലെത്തുന്ന ആർക്കും ഈ സംശയം തോന്നും. അനൗൺസ്മെന്റിൽ മാത്രമല്ല തിരഞ്ഞെടുപ്പ് പോസ്റ്ററുകളിലെല്ലാം മലയാളത്തേക്കാൾ തമിഴിനാണ് ഇവിടെ പ്രാമുഖ്യം. തമിഴ്നാട്‌- കേരള അതിർത്തി പ്രദേശമായ ഇവിടെ ബഹുഭൂരിഭാഗം ജനങ്ങളും തമിഴ്‌വംശജരാണ്. അതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മലയാളത്തിനൊപ്പം തമിഴും നിർബന്ധമാണ്. ആദിവാസി വിഭാഗങ്ങളും തമിഴ് തോട്ടം തൊഴിലാളികളും ഉൾപ്പെടുന്ന മേഖലയാണിത്. ചുവരെഴുത്തും പോസ്റ്ററും മൈക്ക് അനൗൺസ്മെന്റുമെല്ലാം തമിഴിലാണ്. വോട്ടു അഭ്യർത്ഥിച്ചു എത്തുന്ന സ്ഥാനാർത്ഥികളെ തമിഴ് സ്ത്രീ തൊഴിലാളികൾ ആരതി ഉഴിഞ്ഞാണ് വരവേൽക്കുന്നതും ഇവിടത്തെ മാത്രം കാഴ്ചയാണ്. തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയപാർട്ടിയായ അണ്ണാ ഡി.എം.കെ അതിർത്തി ഗ്രാമങ്ങളിൽ പലയിടത്തും എൻ.ഡി.എ ഘടകക്ഷിയായി സ്ഥാനാർത്ഥികളെ നിറുത്തുന്നുണ്ട്. കഴിഞ്ഞ തവണ മറയൂർ, ദേവികുളം, പീരുമേട് പഞ്ചായത്തുകളിലാണ് എ.ഐ.എ.ഡി.എം.കെ മൂന്ന് സീറ്റിൽ വിജയിച്ചത്. മറ്റ് മുന്നണികൾക്ക് ഭൂരിപക്ഷം കിട്ടാതെ വന്നതോടെ പീരുമേട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എ.ഐ.എ.ഡി.എം.കെ അംഗത്തിനായിരുന്നു.