double

എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മുറതെറ്റാതെ ഇടുക്കിയിൽ ഉയരുന്ന വിവാദമാണ് ഇരട്ടവോട്ട്. കേരളത്തിലും തമിഴ്‌നാട്ടിലും തിരിച്ചറിയൽ രേഖകൾ, ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ കൈവശമുള്ളവരാണ് രണ്ടിടത്തും വോട്ടുചെയ്യുന്നത്. പീരുമേട്, ദേവികുളം ഉടുമ്പൻചോല എന്നീ താലൂക്കുകളിലാണ് ഇത്തരത്തിൽ ഇരട്ട വോട്ടർമാർ കൂടുതലായുള്ളത്. തമിഴ്‌നാട്ടിലെ കമ്പം, തേനി തുടങ്ങിയ അസംബ്ലി മണ്ഡലങ്ങളോടും തേനി ലോക്‌സഭാ മണ്ഡലത്തോടും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഇവ.

മൂന്നുമുന്നണികൾക്കും ഇവർക്കിടയിൽ സ്വാധീനമുണ്ട്. ഇത്തവണ കോൺഗ്രസ് നേരത്തെ തന്നെ ഇരട്ടവോട്ടിൽ സർക്കാരിനും ഇടതുപക്ഷത്തിനുമെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിക്കഴിഞ്ഞു. കൊവിഡ്‌ നിയന്ത്രണങ്ങളെ തുടർന്ന് ഇടുക്കിയിലെ അതിർത്തി ചെക്പോസ്റ്റുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാറ്റിയത് കേരളത്തിൽ വോട്ടുള്ള തമിഴ് സ്വദേശികൾക്ക് ഇവിടേക്ക് വരാനാണെന്നാണ് ആരോപണം. യഥാർത്ഥത്തിൽ തമിഴ്‌നാട്ടിലെയും കേരളത്തിലെയും വോട്ടർപട്ടികയിൽ ഇടംനേടിയ ഈ പാവങ്ങളെ രാഷ്ട്രീയക്കാർ തങ്ങളുടെ ആവശ്യപ്രകാരം ഉപയോഗിക്കുകയാണ്. തോട്ടം തൊഴിലാളികളിൽ ഒട്ടുമിക്കവരും ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പിൻബലമുള്ള തൊഴിലാളി യൂണിയനുകളിൽ അംഗങ്ങളായിരിക്കും. ഇതേ രാഷ്ട്രീയ പാർട്ടികൾ തന്നെയാണ് തമിഴ്‌നാട്ടിൽ സ്ഥിരം മേൽവിലാസവും വോട്ടേഴ്‌സ് ഐഡിയും ഉണ്ടായിരിക്കെ കേരളത്തിലെ താത്കാലിക മേൽവിലാസത്തിൽ റേഷൻകാർഡും വോട്ടേഴ്‌സ് ഐഡിയും നേടിക്കൊടുക്കുന്നത്. ഇരട്ടവോട്ടർമാർ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കാനും ഇല്ലെങ്കിൽ പേരുചേർക്കാനും പ്രാദേശിക നേതാക്കൾ തന്നെയാണ് മുൻകൈയെടുക്കുന്നത്. ബൂത്ത് ലെവൽ ഓഫീസർമാർ ഇടപെട്ട് ഇത്തരം വോട്ടർമാരെ കണ്ടെത്തുന്നുണ്ടെങ്കിലും നേതാക്കളുടെ സമ്മർദ്ദത്തിനു വഴങ്ങി ഉൾപ്പെടുത്തുകയാണ് പതിവ്. രേഖകൾ രണ്ടു സംസ്ഥാനങ്ങളിലായതിനാൽ രണ്ടുവോട്ട് ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനും സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. ഏറ്റവും കൂടുതൽ ഇരട്ടവോട്ടുകൾ രേഖപ്പെടുത്താറുള്ളത് തദ്ദേശ തിരഞ്ഞെടുപ്പുകളിലാണ്. കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾ മറികടന്ന് ഇത്തരം വോട്ടർമാരെ നാട്ടിലെത്തിക്കാൻ മുന്നണികൾ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. പാർട്ടികൾ സ്വന്തമായി ചെലവുകൾ വഹിച്ചാണ് ഇരട്ട വോട്ടർമാരെ മടക്കിക്കൊണ്ടുവരുന്നത്. തോട്ടം മേഖലയിൽ നിന്ന് വിരമിച്ച് തിരികെ തമിഴ്‌നാട്ടിലേക്ക് പോവുന്നവർക്കും ഇത്തരത്തിൽ കേരളത്തിലെ റേഷൻകാർഡും വോട്ടേഴ്‌സ് ഐഡി കാർഡും ഉള്ളതായും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്വേഷണത്തിൽ മുമ്പ് തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ പിരിഞ്ഞുപോയി തമിഴ്‌നാട്ടിൽ സ്ഥിരതാമസമാക്കിയവരെയും ഇടുക്കിയിലെത്തിച്ച് വോട്ട് ചെയ്യിപ്പിക്കാൻ രാഷ്ട്രീയപാർട്ടിക്കാർ പ്രത്യേക താത്പര്യം എടുക്കാറുണ്ട്.

വർഷങ്ങളായി നിലനിൽക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാൻ 2016ൽ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും കാര്യമായ നടപടിയുണ്ടായില്ല. ഉത്തരവ് വന്ന സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പരിശോധനയിൽ നൂറുകണക്കിന് ഇരട്ടവോട്ടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് ചുരുങ്ങിയ താലൂക്കുകളിൽ ഒതുങ്ങിയതിനാൽ മറ്റിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാതെ അവസാനിച്ചു. 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തയ്യാറാക്കിയ ലിസ്റ്റിലും നിരവധി തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളെ തിരുകിക്കയറ്റിയെന്ന പരാതി ഉയർന്നിരുന്നു. ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പ് എത്തിയപ്പോഴും ഇരട്ടവോട്ട് വിവാദം ഇരട്ടിശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ്. ഇനിയെങ്കിലും ഇതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ മൂക്കുകയറിടണമെന്നാണ് ഇടുക്കിക്കാരുടെ ആഗ്രഹം.