തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പ്, ക്രിസ്മസ്, പുതുവത്സരം... ആഘോഷമേതായാലും മലയാളിക്ക് ലഹരി നിർബന്ധമാണല്ലോ. എന്നാൽ ആഘോഷവേളകളിലെ വ്യാജമദ്യവും സ്പിരിറ്റും ഒഴുകാനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്തങ്ങൾ ഒഴിവാക്കാനുള്ള സ്പെഷ്യൽ ഡ്രൈവിലാണ് എക്സൈസ്. ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കും. വ്യാജമദ്യം ജനങ്ങൾക്ക് ലഭ്യമാകുന്ന പ്രവണത തിരഞ്ഞെടുപ്പ് കാലത്ത് കൂടുതലാണ്. വോട്ടെടുപ്പ്, വോട്ടെണ്ണൽ ദിനങ്ങൾ ഡ്രൈഡേ ആയിരിക്കുമെന്നതിനാൽ അനധികൃത മദ്യവിൽപ്പന വർദ്ധിക്കും. വോട്ടർമാരെ സ്വാധീനിക്കാൻ കോളനികൾ കേന്ദ്രീകരിച്ച് മദ്യവിതരണം നടത്താനുള്ള സാദ്ധ്യതയുമുണ്ട്. തിരഞ്ഞെടുപ്പ് സമയത്തും ശേഷവും വ്യാജവാറ്റ്, സ്പിരിറ്റ് കടത്ത്, സ്പിരിറ്റിൽ നിറം കലർത്തി വ്യാജമദ്യമായി ഉപയോഗിക്കൽ, കള്ളിൽ വീര്യം കൂട്ടാനുള്ള മായംചേർക്കലിനുള്ള സാദ്ധ്യത, വ്യാജ ആയുർവേദ ഉത്പന്നങ്ങൾ വിൽക്കാനുള്ള സാദ്ധ്യത എന്നിവയെല്ലാം എക്‌സൈസ് കണക്കിലെടുത്തിട്ടുണ്ട്. ക്രിസ്മസ് വിശേഷവിഭവമായ വൈൻ നിർമ്മിച്ച് കൊടുക്കുമെന്ന പരസ്യങ്ങളും എക്‌സൈസ് നിരീക്ഷിക്കും. രഹസ്യ വിവരശേഖരണം നടത്തിയും പൊതുജനങ്ങളുടെയും അന്യസേനാവിഭാഗങ്ങളുടെയും സഹായത്തോടെയുമാണ് ഡ്രൈവ് മുന്നേറുക.
 എൻഫോഴ്‌സ്മെന്റ് പ്രവർത്തനങ്ങൾ
1. ചെക്പോസ്റ്റുകളിൽ കർശന പരിശോധന
4. ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിൽ കൺട്രോൾ റൂം
2. തമിഴ്നാട് അതിർത്തിമേഖലയിൽ പരിശോധന
3. പൊലീസ്, റവന്യൂ, ഫോറസ്റ്റ്, എക്സൈസ് സംയുക്ത പരിശോധന
4. മിന്നൽ പരിശോധന, പട്രോളിംഗ്, റെയ്ഡ്
''തിരഞ്ഞെടുപ്പ്, ക്രിസ്മസ്, പുതുവത്സരാഘോഷം എന്നിവയോടനുബന്ധിച്ച് വിപുലമായ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇന്നലെ വാഴത്തോപ്പിൽ നിന്ന് സ്പിരിറ്റ് പിടികൂടിയത്.
- ജി. പ്രദീപ്, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ