തൊടുപുഴ: 'യഹൂദിയായിലെ ഒരു ഗ്രാമത്തിൽ...' നാടാകെ തിരുപ്പിറവിയുടെ ഈരടികൾ വാനിലുയരുന്നു. ദൈവപുത്രന്റെ ജന്മദിനാഘോഷത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വീണ്ടുമൊരു ക്രിസ്മസ്‌കാലത്തെ വരവേറ്റ് വിപണികൾ ഉദിച്ചുയർന്നു. കൊവിഡ് മഹാമാരി ആഘോഷങ്ങളുടെ ശോഭ കെടുത്തിയെങ്കിലും ഇക്കുറി ക്രിസ്മസ് ഗംഭീരമായി ആഘോഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് വിപണി. നക്ഷത്രങ്ങൾ, ക്രിസ്മസ് പാപ്പയുടെ വേഷങ്ങൾ, ക്രിസ്മസ് ട്രീ, വർണപ്പകിട്ടേകാൻ എൽ.ഇ.ഡി നക്ഷത്രങ്ങൾ, ലൈറ്റുകൾ, ക്രിസ്മസ് കാർഡുകൾ, ബലൂണുകൾ, വിവിധ രുചികളിലെ കേക്കുകൾ എന്നുവേണ്ട എല്ലാ ക്രിസ്മസ് ഉത്പന്നങ്ങളുമായി വിപണി സജീവമായിത്തുടങ്ങി. വരും ദിവസത്തിനുള്ളിൽ കച്ചവടം കൂടുതൽ സജീവമാകും. പുതുവത്സരം കഴിയുന്നത് വരെ വിപണിയിൽ ഈ ഉഷാറുണ്ടാകുമെന്നാണ് കരുതുന്നത്. സ്‌കൂളുകളിലും കോളേജുകളിലും ക്രിസ്മസ് ആഘോഷങ്ങൾ ഉണ്ടാകില്ലെങ്കിലും അതിന്റെ ക്ഷീണം വീട്ടിൽ തീർക്കാനുള്ള തയ്യാറെടുപ്പിലാണ് കുരുന്നുകൾ. ഇപ്പോൾ വീടുകളിലേയ്ക്കുള്ള കച്ചവടമാണ് പ്രധാനമായും നടക്കുന്നത്. വീടുകളിൽ എല്ലാ വർഷവും പതിവായി നക്ഷത്രങ്ങൾ തൂക്കുന്നവരും മറ്റു വീടുകളിൽ നക്ഷത്രങ്ങൾ തൂക്കുന്നതോടെ തങ്ങളുടെ വീട്ടിലും വേണമെന്ന ചിന്തയിൽ വാങ്ങുന്നവരുമെല്ലാം വരു ദിവസങ്ങളിൽ ക്രിസ്മസ് വിപണികളിൽ എത്തുമെന്നുറപ്പാണ്.