കുമളി: കേരളത്തിൽ തുലാവർഷം ശക്തമാകുന്നതിന്റെ ഭാഗമായി കുമളി പഞ്ചായത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കേരളാ തമിഴ്നാട് അതിർത്തിയായ കുമളിയിലും സമീപ പ്രദേശങ്ങളിലും
ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗരൂഗരായിരിക്കണമെന്ന നിർദ്ദേശമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇന്ന് ജില്ലയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയിട്ടുള്ള മേഖലകളിൽ ശക്തമായ മഴ ലഭിക്കുകയാണെങ്കിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കുള്ള സാധ്യത മുൻനിർത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമാകാത്ത രീതിയിൽ ഓറഞ്ച് ബുക്ക് 2020 അടിസ്ഥാനമാക്കിയുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ശക്തമായ കാറ്റ് വീശാനുള്ള സാധ്യത മുന്നിൽക്കണ്ട് അപകടാവസ്ഥയിലുള്ള മരങ്ങൾ കോതി ഒതുക്കുക, പോസ്റ്റുകൾ ബോർഡുകൾ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും, 24 മണിക്കൂറും പ്രവർത്തിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ഇതിനായി പഴയ പെരിയാർ ആശുപത്രിയുടെ കെട്ടിടവും ഹോളീഡേ ഹോമും സജ്ജീകരിച്ചതായി കുമളി പഞ്ചായത്ത് സെക്രട്ടറി കെ. സെൻകുമാർ അറിയിച്ചു.