ചെറുതോണി: ജില്ലയിലെ ഭൂപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തുന്ന കുപ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്ന് എൻ.സി.പി ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ പറഞ്ഞു. 1964 ലെ ഭൂപതിവ് ചട്ടമനുസരിച്ച് കൈവശമുള്ള ഒരേക്കർ ഭൂമിക്ക് മാത്രമേ പട്ടയം നൽകുവെന്ന് തീരുമാനിച്ചതും ഒരുലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് പട്ടയം നൽകില്ലായെന്ന് തീരുമാനിച്ചതും യു.ഡി.എഫ് സർക്കാരാണ്. എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ നാലേക്കർ ഭൂമിക്കുവരെ പട്ടയം നൽകുകയും വരുമാനപരിധി എടുത്തുകളയുകയും ചെയ്തു. എൽ.ഡി.എഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ നേരിട്ടറിഞ്ഞ ഇടുക്കിയിലെ ജനങ്ങൾ എൽ.ഡി.എഫിന് ചരിത്രവിജയം സമ്മാനിക്കുമെന്നും ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വസ്തുതകളുടെ പിൻബലത്തിൽ എൽ.ഡി.എഫിനെ നേരിടാൻ കഴിയില്ലെന്ന് ബോദ്ധ്യപ്പെട്ട യു.ഡി.എഫ്, ബി.ജെ.പി നേതാക്കൾ നടത്തുന്ന കുപ്രചരണം ജനങ്ങൾ തള്ളിക്കളയും. ത്രിതല പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മരിയാപുരം പഞ്ചായത്തിലെ വിവിധ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അനിൽ.