തൊടുപുഴ: മണക്കാട് പഞ്ചായത്തിലെ ആറാം വാർഡിലെ എൻ.ഡി.എ വനിതാ സ്ഥാനാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഭർതൃപിതാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരാഴ്ചയായി 36കാരിയായ ഇവർ വീട്ടിൽ സ്വയംനിരീക്ഷണത്തിലായിരുന്നു. പുറപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടത്തിയ സ്രവപരിശോധനാഫലത്തിൽ ഇന്നലെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഇവർ വീട്ടിൽ തന്നെ ചികിത്സയിലാണ്. പഞ്ചായത്തിലെ മറ്റ് 40 സ്ഥാനാർത്ഥികളോടും ഇന്ന് ആന്റിജൻ പരിശോധന നടത്തി ഫലം വന്ന ശേഷം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയാൽ മതിയെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ നിർദേശിച്ചു. 25ന് പഞ്ചായത്തിൽ നടന്ന സ്ഥാനാർത്ഥികളുടെ യോഗത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച സ്ഥാനാർത്ഥി പങ്കെടുത്തിരുന്നു. 30നും സ്ഥാനാർത്ഥികളുടെ യോഗമുണ്ടായിരുന്നെങ്കിലും സ്വയം നിരീക്ഷണത്തിലായതിനാൽ ഇവർ പങ്കെടുത്തിരുന്നില്ല. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിവരികയാണ്.