
തൊടുപുഴ: പെരിയാറിന്റെ തഴുകലിൽ ചിരിതൂകുന്ന പെണ്ണാണ് ഇടുക്കിയെങ്കിൽ, ആ നാണക്കാരിയെ പാട്ടിലാക്കാൻ തിരഞ്ഞെടുപ്പ് കളരിയിൽ തലങ്ങും വിലങ്ങും ചുറ്റുകയാണ് മുന്നണികൾ. കുടിയേറ്റ കർഷകരും തോട്ടംതൊഴിലാളികളും അധിവസിക്കുന്ന ജില്ലയുടെ രാഷ്ട്രീയം പലപ്പോഴും പ്രവചനാതീതവുമാണ്.
പി.ജെ. ജോസഫിന്റെ തട്ടകത്തിലെ ജോസ് കെ. മാണിയുടെ ഇടതുപ്രവേശം, യു.ഡി.എഫിന്റെ നെഞ്ചിടിപ്പ് കൂട്ടിയ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ അരങ്ങൊഴിയൽ, മൂന്നാർ തോട്ടങ്ങളിൽ നിന്ന് ലോകശ്രദ്ധയിലേക്കുയർന്ന പെമ്പിളൈ ഒരുമൈയുടെ അസ്തമയം, തമിഴ് മേഖലയിലെ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ തുടങ്ങിയവയുടെ സ്വാധീനം, ഇതെല്ലാം ഇടുക്കിയുടെ തിരഞ്ഞെടുപ്പ് മിടിപ്പ് അളക്കാവുന്ന മാപിനികളാണ്.
വലതിനോടാണ് ആഭിമുഖ്യമെന്ന് തോന്നുമെങ്കിലും ഇടതിനെ കൈവിടാതെ എൻ.ഡി.എയെയും ഉൾക്കൊള്ളുന്നതാണ് ഇടുക്കിയുടെ മനസ്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും നഗരസഭകളിലും യു.ഡി.എഫിനായിരുന്നു മേൽക്കൈ. ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫും മുന്നേറ്റമുണ്ടാക്കാനായത്. തൊടുപുഴ നഗരസഭയിലടക്കം എൻ.ഡി.എ സ്ഥിതി മെച്ചപ്പെടുത്തി.
 മിന്നും പ്രതീക്ഷയിൽ യു.ഡി.എഫ്
ഹൈറേഞ്ച് സംരക്ഷണസമിതി നിർജീവമായതും ലോക്സഭാ തിരഞ്ഞെടുപ്പിലെ വമ്പിച്ച ജയവും യു.ഡി.എഫിന്റെ പ്രതീക്ഷകളെ ഇരട്ടിപ്പിക്കുന്നുണ്ട്. എന്നാൽ തർക്കം മൂലം സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും അവസാനമണിക്കൂറുവരെ നീണ്ടത് കല്ലുകടിയായി. വിമതന്മാർക്ക് കുറവില്ല. തുടക്കത്തിലുണ്ടായ ഈ ക്ഷീണം സംസ്ഥാന നേതാക്കളെ ഇറക്കി മറികടക്കാനാണ് ശ്രമിക്കുന്നത്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ തുടങ്ങിയ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ കുടുംബയോഗങ്ങളിൽ സജീവമായി പങ്കെടുത്തത് വലിയ ആവേശമാണ് പ്രവർത്തകരിൽ സൃഷ്ടിക്കുന്നത്.
 ജോസ് ഭാഗ്യമെന്ന് എൽ.ഡി.എഫ്
ജോസ് വിഭാഗം ഒപ്പമെത്തിയതോടെ യു.ഡി.എഫിന്റെ മേൽക്കോയ്മ അവസാനിപ്പിക്കുമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച അവർ പ്രചരണത്തിൽ ബഹുദൂരം മുന്നിലാണ്. മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ ചിട്ടയായ പ്രചാരണമാണ് നടത്തുന്നത്. എന്നാൽ സംസ്ഥാന നേതാക്കളാരും ജില്ലയിൽ പ്രചാരണത്തിനെത്താത്തതിൽ പ്രവർത്തകർക്ക് നിരാശയുമുണ്ട്.
 എൻ.ഡി.എയ്ക്ക് പ്രതീക്ഷ ബി.ഡി.ജെ.എസിൽ
ബി.ഡി.ജെ.എസിന്റെ ബലത്തിൽ കൂടുതൽ സീറ്റുകൾ നേടിയെടുക്കാമെന്ന് എൻ.ഡി.എയും കരുതുന്നു. കുമ്മനം രാജശേഖരനും കെ. സുരേന്ദ്രനുമടക്കമുള്ള നേതാക്കളെ ജില്ലയിലെത്തിച്ച് പഞ്ചായത്തുതല കൺവെൻഷനുകളിലൂടെ പ്രചാരണം കൊഴുപ്പിക്കുകയാണ് എൻ.ഡി.എ.
 വിഷയം ഭൂമി തന്നെ
ഭൂപ്രശ്നങ്ങളാണ് എക്കാലവും ഇടുക്കിയിലെ തിരഞ്ഞെടുപ്പ് വിഷയം. കഴിഞ്ഞ തവണ ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടുകളായിരുന്നെങ്കിൽ ഇത്തവണ ഇടുക്കിയിൽ മാത്രമായി ഇറക്കിയ ഭൂവിനിയോഗ ഉത്തരവാകും ചർച്ച ചെയ്യുകയെന്ന് പ്രതിപക്ഷം പറയുന്നു. എന്നാൽ അമ്പതിനായിരത്തിലേറെ പട്ടയങ്ങൾ നൽകിയതിന്റെ ക്രെഡിറ്റുമായി ഇടതുപക്ഷം ഇത് പ്രതിരോധിക്കുകയാണ്.
2015ലെ കക്ഷിനില
 ജില്ലാ പഞ്ചായത്ത്- 16
യു.ഡി.എഫ്- 10
എൽ.ഡി.എഫ്- 06
 ബ്ളോക്ക് പഞ്ചായത്തുകൾ
യു.ഡി.എഫ്- ആറ്
എൽ.ഡി.എഫ്- രണ്ട്
 നഗരസഭകൾ
കട്ടപ്പന- യു.ഡി.എഫ്
തൊടുപുഴ- യു.ഡി.എഫ്
 ഗ്രാമപഞ്ചായത്തുകൾ
യു.ഡി.എഫ്- 25
എൽ.ഡി.എഫ്- 27