ചെറുതോണി: വാഴത്തോപ്പ് മൃഗാശുപത്രിയുടെ വാതിൽ തകർത്ത് മോഷണം. ഇടുക്കി പൊലീസും ഫിങ്കർപ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാവിലെ ആശുപത്രിയിലെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. ഇതേതുടർന്ന് ഡോക്ടർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന 5700 രൂപയോളം മോഷണം പോയതായാണ് അധികൃതർ പൊലീസിനുനൽകുന്ന വിവരം. ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത് വ്യക്തിഗത ആനുകൂല്യത്തിൽപെടുത്തി കോഴിക്കുഞ്ഞുങ്ങൾ വിതരണം ചെയ്യുന്നതിനായി ഒരാളിൽ നിന്ന് 300 രൂപ നിരക്കിൽ ഗുണഭോക്തൃവിഹിതം വാങ്ങിയിരുന്നു. ഈ തുക ആശുപത്രിയിൽ സൂക്ഷിച്ചിരിപ്പുണ്ടാകുമെന്ന ധാരണയിലാകാം മോഷണമെന്ന് കരുതുന്നു. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.