ചെറുതോണി: ചുറ്റുമതിലില്ലാത്ത കിണറ്റിൽവീണ് മ്ലാവുചത്തു. ഇടുക്കി ആലിൻചുവടിനു സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് നാലുദിവസംപഴക്കമുള്ള മ്ലാവിന്റെ ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ വനംവകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി. ജഡംപഴകിയതിനാൽ പുറത്തെടുക്കാൻപറ്റാത്ത അവസ്ഥയിലായിരുന്നു. ആറുവയസുതോന്നിക്കുന്ന ആൺമ്ലാവായിരുന്നു ചത്തത്. ജഡം ഇവിടെത്തന്നെമൂടാൻ വനംവകുപ്പുദ്യോഗസ്ഥർ നിർദ്ദേശിച്ചെങ്കിലും പ്രദേശവാസികളെതിർത്തു. വേനൽകാലത്ത് ഈ കിണറിൽനിന്നും കുടിവെള്ളമെടുക്കുന്നതാണെന്നും ആതിനാൽ ജഡം പുറത്തെടുക്കണമെന്ന് നാട്ടുകാരാവശ്യപ്പെട്ടു. ഇതേത്തുടർന്ന് പുറത്തെടുക്കുന്നതിന്റെ ചിലവുസംബന്ധിച്ചു സ്ഥലമുടമയുമായി വീണ്ടുംതർക്കമുണ്ടായെങ്കിലും പ്രശ്നം പരിഹരിച്ച് ജഡം പുറത്തെടുത്ത് പോസ്റ്റുമാർട്ടം നടത്തി മറവുചെയ്തു. കിണറിനുചുറ്റുമതിലില്ലാത്തതാണ് അപകട കാരണമെന്ന് വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞു.