
നെടുങ്കണ്ടം: മഴയത്ത് കുടചൂടി സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യവേ വീട്ടമ്മ റോഡിലേക്ക് തെറിച്ച് വീണ് മരിച്ചു. സന്യാസിയോട പുത്തൻപുരക്കൽ ഷാജിയുടെ ഭാര്യ സബിതയാണ് (47) മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. ആയുർവേദ കേന്ദ്രത്തിൽ പാചകകാരിയായ വീട്ടമ്മ ജോലിയ്ക്ക് പോകാനായി ഇറങ്ങിയപ്പോൾ അതുവഴി വന്ന പരിചയക്കാരനായ കൗമാരകാരന്റെ സ്‌കൂട്ടറിന് കൈകാണിച്ച് നിറുത്തി പിന്നിൽ കയറുകയായിരുന്നു. ചെറു ചാറ്റൽ മഴ ഉണ്ടായിരുന്നതിനാൽ വീട്ടമ്മ കുട ചൂടിയിരുന്നു. സന്യാസിഓടയ്ക്ക് സമീപമെത്തിയപ്പോൾ സ്‌കൂട്ടറിന് വേഗത കൂടിയതോടെ കുടയ്ക്ക് കാറ്റ് പിടിക്കുകയും വീട്ടമ്മ റോഡിലേയ്ക്ക് തെറിച്ച് വീഴുകയുമായിരുന്നു. ഉടൻതന്നെ നാട്ടുകാർ വീട്ടമ്മയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോർട്ടം നടത്തി മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സ്‌കൂട്ടർ ഓടിച്ചിരുന്ന തേർഡ്ക്യാമ്പ് സ്വദേശി സത്താർ സലീമിന് (19) വാഹനം ഓടിക്കാനുള്ള ലൈസൻസ് ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.മനപൂർവ്വമല്ലാത്ത നരഹത്യക്കും ലൈസൻസ് ഇല്ലാതെ വാഹനംഓടിച്ചതിനും കമ്പംമെട്ട് പൊലീസ് കേസെടുത്തു.