തൊടുപുഴ: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ തൊടുപുഴ നഗരസഭാ സിറ്റിങ് ചെയർപേഴ്‌സൺ സിസിലി ജോസിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നഗരസഭാ 26-ാം വാർഡിലെ കോൺഗ്രസ് വിമത സ്ഥാനാർത്ഥിക്കു വേണ്ടി പ്രവർത്തിച്ചതിനാണ് നടപടി. 26-ാം വാർഡിലെ നിലവിലെ കൗൺസിലറായ സിസിലി ജോസ് കഴിഞ്ഞ ഭരണ സമിതിയിൽ അവസാന ടേമിലാണ് ചെയർപേഴ്‌സണായി തിരഞ്ഞെടുത്തത്. ഇത്തവണ ജനറൽ വാർഡായ 26 ൽ കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയത്തിൽ തർക്കങ്ങളുണ്ടായിരുന്നു. തുടർന്ന് ഇവിടെ രണ്ടു പേർ കോൺഗ്രസ് വിമതരായി മത്സരിക്കുന്നുണ്ടായിരുന്നു. ഇതിൽ ഒരു വിമത സ്ഥാനാർത്ഥിക്കു വേണ്ടി പ്രവർത്തിച്ചതായി ചൂണ്ടിക്കാട്ടിയാണ് സിസിലി ജോസിനെ ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാറിന്റെ നിർദേശത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് സസ്‌പെന്റ്‌ചെയ്തതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺസൺ വെള്ളാപ്പുഴ അറിയിച്ചു.