തൊടുപുഴ: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തിയതോടെ കൊവിഡ് മാനദണ്ഡങ്ങളെല്ലാം സ്ഥാനാർത്ഥികളും പ്രവർത്തകരും മറന്ന മട്ടാണ്. അഞ്ചുപേരിൽ കൂടുതൽ വീടുകളിൽ കയറരുതെന്ന നിർദേശം പാലിക്കുന്നവർ ചുരുക്കമാണ്. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ ആൾക്കൂട്ടങ്ങളെ നിയന്ത്രിക്കണമെന്ന് ജില്ലാ ഭരണകൂടവും നിർദേശം നൽകിയിരുന്നു. വരണാധികാരികൾ വിളിച്ചുചേർത്ത സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗങ്ങളിൽ ഇത് സംബന്ധിച്ച് വ്യക്തതയും വരുത്തിയിരുന്നു. എന്നാലിതൊന്നും പാലിക്കപ്പെടുന്നില്ല. ജില്ലയിൽ ശരാശരി 200 പേർക്ക് പ്രതിദിനം കൊവിഡ് ബാധിക്കുന്നുണ്ട്. തൊടുപുഴ, അടിമാലി, നെടുങ്കണ്ടം മേഖലകളിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ ആഘോഷപൂർവം പ്രചരണത്തിലാണ് മുന്നണികൾ.
അപൂർവം സ്ഥാനാർത്ഥികൾ മാത്രമാണ് മാസ്‌ക്, കൈയുറകൾ, ഫേസ് ഷീൽഡ് എന്നിവ ധരിച്ച് പ്രചാരണത്തിനിറങ്ങിയത്. കൃത്യമായി മൂക്കും വായും മറയുന്ന തരത്തിൽ മാസ്‌ക് ധരിക്കാതെയാണ് മിക്കവരും പ്രചാരണരംഗത്തുള്ളത്. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥിക്കും മണക്കാട് പഞ്ചായത്തിലെ ഒരു സ്ഥാനാർത്ഥിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം മറ്റ് സ്ഥാനാർത്ഥികളെല്ലാം കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവായ ശേഷമാണ് പ്രചരണത്തിന് ഇറങ്ങിയത്.
ഉദ്യോഗസ്ഥർക്കും അകലം
പ്രമുഖ പാർട്ടികൾ ആളെ കൂട്ടി പ്രചാരണം നടത്തുമ്പോൾ തടയാൻ ശ്രമിക്കാതെ അധികൃതർ അകലം പാലിക്കുന്നതായി ആരോപണമുണ്ട്. തിരഞ്ഞെടുപ്പ് സ്‌ക്വാഡുകളും ആരോഗ്യവകുപ്പ് സംഘങ്ങളും ആദ്യഘട്ടത്തിൽ പരിധിയിൽ കൂടുതൽ ആളുകളുമായി വോട്ട് തേടുന്നവരെ കണ്ടെത്തി പിന്തിരിപ്പിച്ചിരുന്നു. എന്നാൽ ആവേശ പ്രചാരണത്തിലേക്ക് കാര്യങ്ങൾ മാറിയപ്പോൾ സ്‌ക്വാഡ് പ്രവർത്തനം എല്ലായിടത്തും എത്തുന്നില്ലെന്ന് പരാതിയുണ്ട്.