തൊടുപുഴ: 'തേടിവരും കണ്ണുകളിൽ വികസനത്തിൻ വാഴ്ച.., കൂട്ടിനായി കൂടെയുണ്ട് നമ്മളുടെ പാർട്ടി...' 'തേടിവരും കണ്ണുകളിൽ' എന്ന ഭക്തിഗാനം രൂപവും ഭാവവും മാറി മധുരമൂറം ശബ്ദത്തിൽ അന്തരീക്ഷത്തിൽ മുഴങ്ങുമ്പോൾ ആരും ഒരു നിമിഷം ലയിച്ചുപോകും. തിരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യാവസ്ഥയിലെത്തിയതോടെ തലങ്ങും വിലങ്ങും പായുന്ന മൈക്ക് അനൗൺസ്മെന്റ് വാഹനത്തിൽ നിന്ന് പ്രവഹിക്കുന്നത് പാരഡി ഗാനങ്ങളാണ്. സ്ഥാനാർത്ഥിയെ പുകഴ്ത്തിയും എതിരാളികളെ ഇകഴ്ത്തിയുമുള്ള പാരഡി പാട്ടുകൾ എക്കാലവും ഹിറ്റാണ്. എം.ജി.ആറിന്റെ 'എന്നടി, റാക്കമ്മ...' എന്ന തമിഴ് പാട്ടും മോഹൻലാൽ ചിത്രത്തിലെ 'ചിന്നമ്മ..അടി കള്ളി പെണ്ണമ്മ.' തുടങ്ങിയ പാട്ടുകളുമടക്കമാണ് പാരഡി വോട്ട് പാട്ടുകളായത്. അതിർത്തി മേഖലയിലെ തമിഴ് തോട്ടം തൊഴിലാളികൾക്കിടയിൽ പ്രചാരണം നടത്താൻ തമിഴ് പാരഡി പാട്ടുകളും ഒരുക്കുന്നുണ്ട്. മുസ്ലിംഭൂരിപക്ഷ മേഖലകളിൽ സിനിമാഗാനങ്ങൾക്ക് പുറമേ മാപ്പിളപ്പാട്ടുകളും പാരഡിയായി കളം നിറയുന്നുണ്ട്. കൊവിഡിൽ തൊഴിൽ നഷ്ടപ്പെട്ട കലാകാരന്മാർക്ക് ഇതൊരു കൈത്താങ്ങാണ്. ഹിറ്റ് ഗാനങ്ങളാണ് തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പാരഡി പാട്ടുകളാക്കി മാറ്റുന്നത്. സ്വന്തമായി ഗാനം രചിക്കുന്നവരും നേരത്തെ തയ്യാറാക്കിയ ഗാനത്തിന്റെ സ്ഥാനത്ത് സ്ഥാനാർത്ഥിയുടെ പേര് മാത്രം ചേർത്ത് തയ്യാറാക്കുന്ന ഗാനങ്ങളുമുണ്ട്. ഇവ ഫേസ്ബുക്കും വാട്ട്സ്ആപ്പ് വഴിയും പ്രചരിപ്പിക്കാനും യുവപാർട്ടി പ്രവർത്തകർ മത്സരിക്കുകയാണ്. പലഗാനങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. 3,​000 മുതൽ 8,000 രൂപവരെയാണ് ഒരു മുഴുനീളൻ പാരഡി പാട്ടിന് ചെലവാകുന്നത്.

എന്തിനും പാരഡിസംഘം റെഡി

സൂപ്പർ ഹിറ്റ് ഗാനത്തിന്റെ പാരഡി വരികൾ തയ്യാറാക്കുന്നത് എളുപ്പമാണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. ഒരു പുതിയ ഗാനം ചിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടാലാണ് ജോലി കൂടുന്നത്. രചന, സംഗീതം എല്ലാം വ്യത്യസ്തമായിരിക്കണം. വാർഡിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങൾ വരികളിലൂടെ വ്യക്തമാക്കുന്നവരുമുണ്ട്. ഉൾപ്പെടുത്തേണ്ട വിവരങ്ങൾ എന്തൊക്കെയെന്ന് ട്രൂപ്പുകളെ മുൻകൂട്ടി അറിയിക്കണം എന്നു മാത്രം. രചന മുതൽ ആലാപനം വരെ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നവരുമുണ്ട്. ഇവർക്ക് സ്റ്റുഡിയോ വാടക മാത്രമാണ് പുറത്ത് നൽകേണ്ടി വരിക. ഒരു സ്ഥാനാർത്ഥിക്ക് വേണ്ടി ചുരുങ്ങിയത് മൂന്ന് ഗാനങ്ങളെങ്കിലും തയ്യാറാക്കാറുണ്ട്.