തൊടുപുഴ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ എൽ.ഡി.എഫ് പ്രകടന പത്രികയിൽ പറഞ്ഞിരുന്ന ഒരു വാഗ്ദാനവും പാലിക്കാത്തവരാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പുതിയ മാനിഫെസ്റ്റോയുമായി വരുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമെല്ലാം തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ല സന്ദർശിച്ചു പ്രചാരണം നടത്താത്തത് വാഗ്ദാനങ്ങൾ പാലിക്കാത്തതിലുള്ള ജാള്യത കൊണ്ടാണ്. സി.പി.എം ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു. സംസ്ഥാനമെമ്പാടും യു.ഡി.എഫ് തരംഗമാണ്. തൊടുപുഴ നഗരസഭയിലെ ഒരു വാർഡിലൊഴികെ സി.പി.എം ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം ഒഴിവാക്കിയത് പരാജയ ഭീതികൊണ്ടാണ്. അയ്യായിരം കോടിയുടെ പാക്കേജും പിന്നീട് ധനമന്ത്രി ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ച ആയിരം കോടിയും അടക്കം ആറായിരം കോടിയുടെ പാക്കേജ് എവിടെയെന്ന് വോട്ടുതേടി വീടുകളിൽ എത്തുമ്പോൾ വോട്ടർമാർ സി.പി.എമ്മുകാരോട് ചോദിക്കും. കർഷകരുടെ വായ്പകൾ എഴുതി തള്ളുമെന്നു പ്രകടന പത്രിക ഇറക്കിയവർ രണ്ടു ശതമാനം പിഴപലിശ പോലും ഒഴിവാക്കിയില്ല. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ടു സർവകക്ഷിയോഗം ചേർന്നിട്ടു ഒരു വർഷം തികയാൻ പോവുകയാണ്. നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത് 1964 ലെ ചട്ടം ഭേദഗതി ചെയ്യാൻ കഴിയാത്തതു സർക്കാരിന്റെ കഴിവുകേടാണ്. ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച ഇടുക്കി മെഡിക്കൽ കോളേജിൽ അദ്ധ്യയനം പുനഃസ്ഥാപിക്കാൻ സർക്കാരിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. സ്‌പൈസസ് ബോർഡിനെ നോക്കുകുത്തിയാക്കി കർഷകർക്ക് യാതൊരുവിധ ഉപകാരങ്ങളുമില്ലാത്ത നിലയിലെത്തിച്ച കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും തിരെഞ്ഞെടുപ്പിൽ ജനങ്ങൾ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.