തൊടുപുഴ: നഗരസഭയിൽ എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുന്ന യു.ഡി.എഫ് പ്രകടനപത്രിക ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പുറത്തിറക്കി. തൊടുപുഴ രാജീവ് ഭവനിൽ ചേർന്ന യോഗത്തിൽ കേരളാ കോൺഗ്രസ് (ജോസഫ്) നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബിന് പകർപ്പ് നൽകികൊണ്ടാണ് പ്രകടനപത്രിക പുറത്തിറക്കിയത്. എല്ലാവീടുകളിലും സൗജന്യ ശുദ്ധജല കണക്ഷനും പാവപ്പെട്ടവർക്ക് സൗജന്യ വൈദ്യുതി കണക്ഷനും നൽകും. നഗരത്തെ മേഖലകളാക്കി തിരിച്ച് പുതിയ നാലു മുൻസിപ്പൽ പാർക്കുകൾ നിർമ്മിക്കും. പരമാവധി വാർഡുകളിൽ സ്‌പോട്‌സ് സെന്ററുകൾ , തൊടുപുഴയിൽ മുൻസിപ്പൽ സ്റ്റേഡിയം രണ്ടാംഘട്ട റിംഗ് റോഡും ലിങ്ക് റോഡും കാരിക്കോട്- ചുങ്കം ബൈപാസ് നിർമ്മിക്കും. നിർമ്മിക്കും. വെങ്ങല്ലൂർ പാപ്പൂട്ടിഹാൾ പുഴയോര ബൈപ്പാസ് അടിയന്തര പ്രാധാന്യത്തോടെ നിർമ്മിക്കും. നഗരസഭയുടെ കീഴിലുള്ള എല്ലാ മുൻസിപ്പൽ ലിങ്ക് റോഡുകളും ഉന്നത നിലവാരത്തിൽ റബറൈസ്ഡ് ടാറിംഗ് നടത്താനുള്ള പദ്ധതി നടപ്പിലാക്കും. നഗരസഭാ പാർക്ക് നവീകരിക്കും. ജനങ്ങൾക്ക് സുരക്ഷ നൽകാൻ സി.സി ടി.വി കാമറകൾ സ്ഥാപിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.