മൂലമറ്റം: എടാട് ശ്രീഭദ്രശ്രീ അയ്യപ്പക്ഷേത്രത്തിലും സമീപത്തെ കടയിലും മോഷണം.വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു. വെള്ളിയാഴ്ച രാവിലെ കട തുറക്കാൻ എത്തിയ തെക്കേടത്ത് ബാബു തന്റെ കട കുത്തിതുറന്ന് കിടക്കുന്നത് കണ്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്പലത്തിലും മോഷണം നടന്ന വിവരം അറിയുന്നത്.കടയിൽ നിന്ന് ആയിരം രൂപയും ബീഡിക്കെട്ടും സിഗററ്റും സ്പ്റിൻ്റും നഷ്ടപ്പെട്ടിട്ടുണ്ട്. അമ്പലത്തിൻ്റെ ഭണ്ഡാരം കുത്തി പൊളിക്കുകയും അലമാര കുത്തി പൊളിച്ച് അവിടെ നിന്ന് താക്കോൽ എടുത്ത് ശ്രീകോവിൽ തുറക്കുകയും ഒരു മാലയും താലിയും അയ്യായിരത്തോളം രൂപയും മോഷണം നടത്തിയിട്ടുണ്ട്. സി.സി.റ്റി.വിയുടെ മോനിട്ടറും നശിപ്പിച്ചു. അമ്പലം മുഴുവൻ അലങ്കോലപ്പെടുത്തി. സാംസ്കാരിക നിലയം കുത്തി പൊളിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.മോനിട്ടർ നശിപ്പിച്ചതുകൊണ്ട് എടാട് സെൻ്റ് മേരീസ് പള്ളിയിലേയും സമീപത്തെ കടയിലേയും സി.സി.റ്റി.വി.ദൃശ്യങ്ങൾ കാഞ്ഞാർ പൊലീസ് പരിശോധിച്ചു. ഇടുക്കിയിൽ നിന്ന് സെഫി എന്ന പോലീസ് നായ് എത്തി പരിസരമെല്ലാം മണത്ത ശേഷം തിരിച്ച് പോയി.ഫിങ്കർ പ്രിൻ്റ് വിവിധഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.ഭണ്ഡാരവും താഴും പൊളിക്കാനുപയോഗിച്ച കമ്പി ലിവർ കടയുടെ സമീപത്ത് നിന്ന് കണ്ടെത്തി.അമ്പലത്തിലെ വാക്കത്തി മോഷണം നടന്ന കടയ്ക്കകത്ത് നിന്ന് കണ്ടെത്തി.കാഞ്ഞാർ എസ് ഐമാരായ ശിവ പ്രസാദ് സജി.പി.ജോൺ സജീവ്‌, എ എസ് ഐ സലീൽ, സിവിൽ പൊലീസ് ഓഫീസർമാരായ അനക്സ്,മധു,ബിജു, അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. എസ്.ഐ.സജീവിനാണ് അന്വേഷണ ചുമതല.