തൊടുപുഴ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളെ നിറുത്തി നരേന്ദ്ര മോദി സർക്കാരിന്റെ വികസന നയങ്ങൾ അക്കമിട്ട് പറഞ്ഞ് അഭിമാനപൂർവ്വം ജനങ്ങളുടെ ഇടയിൽ വോട്ട് ചോദിക്കാവുന്ന ഏക രാഷ്ട്രീയ മുന്നണിയാണ് എൻ.ഡി.എയെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ജില്ലാ എൻ.ഡി.എ സ്ഥാനാർത്ഥി സംഗമവും തിരഞ്ഞെടുപ്പ് കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് വി. ജയേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.ഡി.എ ജില്ലാ ചെയർമാൻ കെ.എസ്. അജി, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി പി.രാജൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡോ. കെ. സോമൻ, അഡ്വ. പ്രതീഷ് പ്രഭ, ഷാജി കല്ലാറയിൽ, രമേശ് കല്ലാർ, ജില്ലാ സെക്രട്ടറി രാജേന്ദ്രലാൽ ദത്ത്, മനേഷ് കുടിക്കയത്ത് എന്നിവർ സംസാരിച്ചു.