തൊടുപുഴ: ആരോഗ്യ പ്രവർത്തകർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് കേരളാ ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം തടയാൻ ജില്ലയിലെ ആരോഗ്യപ്രവർത്തകർ മുഴുവൻ സമയവും കർമ്മനിരതരാവേണ്ട സാഹചര്യമാണുള്ളത്. കൊവിഡ് പോസിറ്റീവ് ആയവർ വോട്ട് ചെയ്യാൻ വരുന്നത് കൊണ്ടും കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം തെരഞ്ഞെടുപ്പ് നടക്കേണ്ടതു കൊണ്ടും അതാതു തദ്ദേശസ്വയംഭരണ സംവിധാനത്തിന്റെ കീഴിലുള്ള ആരോഗ്യ സ്ഥാപനം മുഴുവൻ സമയവും പ്രവർത്തന സജ്ജമായിരിക്കണമെന്ന നിർദ്ദേശമാണ് ആരോഗ്യ വകുപ്പിൽ നിന്നു ലഭിച്ചിട്ടുള്ളത്. അതിനോടൊപ്പം കൊവിഡ് ആശുപത്രികളിലും മറ്റു സി.എഫ്.എൽ.ടി.സി കളിലും ഡ്യൂട്ടിയുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ മുഴുവൻ സമയവും ഡ്യൂട്ടിയിൽ ആയിരിക്കും. അവർക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള സർക്കാർ ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് സംവിധാനം ഏർപെടുത്തിയിട്ടുണ്ടെങ്കിലും കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവർത്തകരുടെ കാര്യം പരിഗണിച്ചിട്ടില്ല.