തൊടുപുഴ: ആവേശകൊടുമുടിയിൽ ഇന്ന് പരസ്യപ്രചാരണം കൊട്ടികലാശിക്കും,​ നാളെ നിശബ്ദ പ്രചാരണം,​ മറ്റന്നാൾ ഇടുക്കി ബൂത്തിലേക്ക്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കലാശക്കൊട്ടിനു വിലക്കുണ്ട്. എങ്കിലും ആവേശമൊട്ടും ചോരാതെ അവസാനവട്ട പ്രചരണത്തിലാണ് മുന്നണികൾ. സ്ഥാനാർത്ഥികളുടെ അനൗൺസ്‌മെന്റ് വാഹനങ്ങൾ ഇന്ന് കൂടി നാട്ടിൻപുറങ്ങളിലൂടെ തലങ്ങും വിലങ്ങും പായും. വാർഡ്- ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർത്ഥികൾ ഒരുമിച്ചു തുറന്ന വാഹനത്തിൽ നടത്തുന്ന പര്യടനം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ പൂർത്തിയാകും. വീടുകൾ കയറിയുള്ള അവസാന റൗണ്ട് പ്രചാരണം, ലഘുലേഖ വിതരണം എന്നിവ ഇന്നും നാളെയും പൂർത്തിയാക്കും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക വോട്ടർമാരെ പരിചയപ്പെടുത്തുക, സ്ലിപ്പ് വിതരണം തുടങ്ങിയ ജോലികളും തുടങ്ങിക്കഴിഞ്ഞു. ജയപ്രതീക്ഷയുള്ള വാർഡുകളിലും ഡിവിഷനുകളിലും ചെറു സംഘങ്ങളായി മുന്നണികൾ ആറും ഏഴും തവണ ഭവന സന്ദർശനം പൂർത്തിയാക്കിയിട്ടുണ്ട്. എല്ലായിടത്തും വാർഡ് കൺവെൻഷനുകളും കുടുംബയോഗങ്ങളും അവസാനലാപ്പിലാണ്. വീടുകളിലും കുടുംബങ്ങളിലും കൂടുതൽ സ്വീകാര്യതയുള്ള ആളുകളെ ഒരു തവണ കൂടി നേരിൽക്കണ്ട് വോട്ടുറപ്പിക്കലാണ് ഇനി ബാക്കി.