തൊടുപുഴ: യുഡിഎഫിനെ കാത്തിരിക്കുന്നത് പരാജയത്തിന്റെ പടുകുഴിയാണെന്ന്സിപി ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. എൽഡിഎഫ് തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടുമെന്നുറപ്പായപ്പോൾ പെരുങ്കള്ളങ്ങളുമായി ഡി. സി. സി പ്രസിഡന്റും യു ഡിഎഫ് നേതാക്കളും ഊരുചുറ്റുകയാണ്.. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ ഭരണനേട്ടങ്ങൾ എണ്ണിയെണ്ണിപ്പറയുന്ന പ്രോഗ്രസ് റിപ്പോർട്ട് അച്ചടിച്ചു
പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതൊന്നു വായിച്ചു നോക്കിയാൽ വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകും.
യുഡിഎഫിന്റെ കാലത്ത് ഇടുക്കി മെഡിക്കൽ കോളജിന്റെ അംഗീകാരം നഷ്ടപ്പെട്ട് പോയകാര്യം കല്ലാർ മറന്നു പോയോയെന്ന് അദ്ദേഹം ചോദിച്ചു. മെഡിക്കൽ കോളജ് ഇപ്പോഴാണ് യാഥാർത്ഥ്യമായത്. ജില്ലയിൽ 33, 000 പേർക്ക് ഉപാധിരഹിത പട്ടയം നൽകി.കൃഷിക്കാർ വച്ച് പിടിപ്പിച്ച ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള അനുമതി നൽകി. പത്തുചെയിൻ പ്രദേശത്തെ കൃഷിക്കാർക്ക് പട്ടയം നൽകി. ആദിവാസികളുടെ കൈവശഭൂമിയ്ക്ക് പട്ടയം നൽകി. ഇതൊന്നും യുഡിഎഫ് നേതാക്കൾ അറിഞ്ഞിട്ടുണ്ടാവില്ല. കഴിഞ്ഞ പത്തു
കൊല്ലമായി ഇടുക്കി ജില്ലാ പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫിന്റെ ഭരണനേട്ടങ്ങൾ എന്തുകൊണ്ട് ജനങ്ങളോട് പറയുന്നില്ല. വെൽഫെയർപാർട്ടിയും യുഡിഎഫിന്റെ ഒക്കത്തുണ്ട്. പിന്നിട്ട നാലരവർഷക്കാലത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തണലിൽ കഴിയുന്ന ജില്ലയിലെ ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം അണിനിരക്കുമെന്ന്
ശിവരാമൻ പറഞ്ഞു.