ഇടുക്കി: വോട്ടു രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ ബന്ധപ്പെട്ട വരണാധികാരിക്ക് കൈമാറണം. ഡിസംബർ 16ന് രാവിലെ എട്ടിന് മുമ്പ് വരെ ലഭിക്കുന്ന തപാൽ ബാലറ്റുകളാണ് വോട്ടെണ്ണലിന് പരിഗണിക്കുക. ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള സാധാരണ പോസ്റ്റൽ ബാലറ്റിനും കോവിഡ് രോഗികൾക്കും ക്വാറന്റീനിൽ ഉള്ളവർക്കും അനുവദിച്ചിട്ടുള്ള സ്‌പെഷ്യൽ ബാലറ്റിനും ഇത് ബാധകമാണ്. വോട്ടർമാർക്ക് ബാലറ്റും സാക്ഷ്യപത്രവും നിശ്ചിത കവറുകളിലാക്കി അതത് വരണാധികാരികൾക്ക് അയക്കുകയോ നേരിട്ട് നൽകുകയോ ചെയ്യാം. ത്രിതല പഞ്ചായത്തുകളിലെ ഒരു വരണാധികാരിക്ക് മറ്റ് തലങ്ങളിലെ പോസ്റ്റൽ ബാലറ്റുകൾ ലഭിച്ചാൽ അന്ന് തന്നെ ബന്ധപ്പെട്ട വരണാധികാരികൾക്ക് എത്തിക്കുന്നതിന് സ്‌പെഷ്യൽ മെസഞ്ചറെ ചുമതലപ്പെടുത്തണം. പോസ്റ്റൽ ബാലറ്റ് കൊണ്ടുപോകുന്നതിന് വാഹനവും ആവശ്യമെങ്കിൽ എസ്‌കോർട്ടും ഏർപ്പെടുത്തണം. മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിൽ ഒന്നിലധികം വരണാധികാരികളുണ്ടെങ്കിൽ ഓരോ വരണാധികാരിക്കും ചുമതലയുള്ള വാർഡുകളുടെ കാര്യത്തിൽ ഈ രീതി സ്വീകരിക്കാം. പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ അടങ്ങിയ എല്ലാ കവറുകളും വേട്ടെണ്ണൽ ആരംഭിക്കുന്നതുവരെ വരണാധികാരി ഭദ്രമായി സൂക്ഷിക്കണം. വോട്ടെണ്ണൽ ദിവസം രാവിലെ എട്ടിന് ശേഷം ലഭിക്കുന്ന തപാൽ ബാലറ്റുകൾ വരണാധികാരികൾ കൈപ്പറ്റിയ സമയവും തിയതിയും രേഖപ്പെടുത്തി തുറക്കാതെ പ്രത്യേക പായ്ക്കറ്റിൽ സൂക്ഷിക്കണം.