തൊടുപുഴ: ഇത്തവണ തൊടുപുഴ നഗരസഭ എങ്ങോട്ട് തിരിയും, ഇടതോട്ടോ വലതോട്ടോ, അതോ ബി.ജെ.പി കറുത്തകുതിരകളാകുമോ. ഭരണം നിലനിറുത്താൻ യു.ഡി.എഫും ഒരാളുടെ കുറവിൽ നഷ്ടപ്പെട്ട ഭരണം പിടിച്ചെടുക്കാൻ എൽ.ഡി.എഫും പ്രചാരണ പോരാട്ടത്തിലാണ്. അതേ സമയം ഇരുമുന്നണികളെയും പിന്നിലാക്കി ഇത്തവണ തൊടുപുഴ പിടിക്കുമെന്ന് എൻ.ഡി.എയും വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കെ തൊടുപുഴ ആർക്ക് അനുകൂലമായി ഒഴുകുമെന്ന കാര്യത്തിൽ ഇപ്പോഴും പ്രവചനാതീതമാണ്. മൂന്ന് മുന്നണികളും ആവേശപൂർവം തൊടുപുഴയിൽ അവസാന വട്ട പ്രചാരണവും പൂർത്തിയാക്കുകയാണ്. കേരള കോൺഗ്രസുകൾക്കുള്ള സ്വാധീനം പല വാർഡുകളിലും തിരഞ്ഞെടുപ്പ് ഫലത്തെ നിർണായകമാക്കും. കഴിഞ്ഞ തവണ കേവല ഭൂരിപക്ഷം നേടാൻ കഴിയാതിരുന്ന യു.ഡി.എഫ് ഇത്തവണ കൂടുതൽ സീറ്റ് പിടിക്കാനുള്ള നീക്കത്തിലാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്നും ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ തന്നെയാണ് നിർത്തിയിരിക്കുന്നതെന്നും യു.ഡി.എഫ് നേതാക്കൾ പറയുന്നു. എന്നാൽ ഇത്തവണ തിരിച്ചുപിടിക്കുമെന്നാണ് എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. നഗരസഭയിൽ എൽ.ഡി.എഫ് ഉണ്ടായിരുന്നപ്പോൾ മാത്രമാണ് വികസനം ഉണ്ടായതെന്നും തൊടുപുഴയെ ഇത്തവണ വീണ്ടെടുക്കുമെന്നുമാണ് എൽ.ഡി.എഫ് പറയുന്നത്. കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിന്റെ എൽ.ഡി.എഫ് പ്രവേശനമാണ് ഇടത് മുന്നണിയ്ക്ക് ഇത്തവണ പ്രതീക്ഷ നൽകുന്ന ഘടകം. അതേ സമയം ഇരു മുന്നണികളെയും പിന്നിലാക്കി ഇത്തവണ നഗരസഭ പിടിക്കുമെന്നാണ് എൻ.ഡി.എ വ്യക്തമാക്കുന്നത്. 35ൽ 30 സീറ്റിലും എൻ.ഡി.എ സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. ബി.ഡി.ജെ.സിന്റെ ബലത്തിൽ നഗരസഭ പിടിക്കുമെന്നാണ് അവരുടെ അവകാശവാദം.

ആരോടും മമതയില്ലാതെ 2015

35 അംഗ ഭരണ സമിതിയിൽ കഴിഞ്ഞ തവണ ആർക്കും കേവല ഭൂരിപക്ഷമായ 18 സീറ്റ് എന്ന സംഖ്യയിലേക്കെത്താൻ കഴിഞ്ഞിരുന്നില്ല. യു.ഡി.എഫ്- 14, എൽ.ഡി.എഫ്- 13, ബി.ജെ.പി- 8 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഒരാളുടെ എണ്ണക്കൂടുതലിൽ യു.ഡി.എഫാണ് ഭരണത്തിലെത്തിയത്. മുന്നണി തീരുമാനപ്രകാരം ഇടയ്ക്ക് ആദ്യ ചെയർപേഴ്‌സണെ മാറി മറ്റൊരാളെ ചെയർപേഴ്സനാക്കാനുള്ള നീക്കത്തിനിടെ ഒരാളുടെ വോട്ട് ആസാധുവായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിന് ഭരണം ലഭിച്ചിരുന്നു. ആറ് മാസത്തിന് ശേഷം യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം ബി.ജെ.പി പിന്തുണയിൽ പാസായി. തുടർന്ന് യു.ഡി.എഫ് ഭരണം തിരികെ പിടിക്കുകയായിരുന്നു.