തൊടുപുഴ: ത്രിതല പഞ്ചായത്ത് നഗരസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് ചരിത്ര വിജയം നേടുമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ പറഞ്ഞു.

സംസ്ഥാന സർക്കാർ ഇടുക്കി ജില്ലയിലെ ജനങ്ങളെ എല്ലാ അർത്ഥത്തിലും വഞ്ചിച്ചിരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ജനവഞ്ചനക്കെതിരെയുള്ള പ്രതിഷേധക്കുറിപ്പായിരിക്കും തെരഞ്ഞെടുപ്പ് ഫലം. 6000 കോടി രൂപയുടെ ഇടുക്കി പാക്കേജിൽ നിന്നും ഒരു രൂപയുടെ ആനൂകൂല്യം പോലും ഇതുവരെ ആർക്കും നൽകിയിട്ടില്ല.

കടക്കെണിയിലായ കർഷകർക്കെതിരെ ജപ്തി നടപടികൾ കൈക്കൊണ്ടപ്പോൾ 15 കർഷകരാണ് ജില്ലയിൽ ഇതുവരെ ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ അഞ്ച് വർഷക്കാലം ജില്ലാ പഞ്ചായത്തും കട്ടപ്പന - തൊടുപുഴ നഗരസഭകളും കട്ടപ്പന- തൊടുപുഴ ബ്ലോക്ക് പഞ്ചായത്തുകൾ ഓഴികെയുള്ള ബ്ലോക്ക് പഞ്ചായത്തുകളിലും യു ഡി എഫിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതികൾ ആണ് ഭരിച്ചത്. യു ഡി എഫ് ഭരിച്ച എല്ലാ സമിതികളും ജനനൻമയ്ക്കും നാടിന്റെ സമഗ്ര പുരോഗതിക്കും മാത്രം പ്രാധാന്യം നൽകി കാഴ്ച്ചവച്ച സൽഭരണത്തിനുള്ള പ്രത്യുപകാരമായിരിക്കും തെരഞ്ഞെടുപ്പ് ഫലം.

ഇടതു മുന്നണി സ്ഥാനാർത്ഥികൾക്ക് സ്വന്തം പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ ധൈര്യമില്ല എന്നത് പരാജയം മുൻകൂട്ടി സമ്മതിക്കുന്നതിന് തുല്യമാണ്. ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയപ്പെടുന്ന ഇടതു മുന്നണിയെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പരജയമാണ്.