തൊടുപുഴ: ജില്ലയിൽ തേദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കുടുംബശ്രീ തരംഗം. ജില്ലയിൽ ആകെ മത്സരിക്കുന്ന വനിത സ്ഥാനാർഥികളിൽ 708 പേർ കുടുംബശ്രീ അംഗങ്ങളാണ്. ഇതിൽ 11 സിഡിഎസ് ചെയർപേഴ്‌സൺമാരും ഒൻപത് വൈസ് ചെയർപേഴ്‌സൺമാരും മൽസര രംഗത്തുണ്ട്. 104 എഡിഎസ് പ്രസിഡന്റുമാർ സ്ഥാനാർഥികളാകുമ്പോൾ അയൽക്കൂട്ടം പ്രസിഡന്റുമാർ, അംഗങ്ങൾ എന്നിവർ ഉൾപ്പെടെ 511 പേരും മൂന്നു മുന്നണി സ്ഥാനാർഥികളായും സ്വതന്ത്രരായും രംഗത്തുണ്ട്. ജില്ലയിൽ 11,938 കുടുംബശ്രീ അംഗങ്ങളാണുള്ളത്. ഇവരുടെയും കുടുംബാംഗങ്ങളുടെയും വോട്ടുകൾ ലക്ഷ്യം വച്ചാണ് മുന്നണികൾ കുടുംബശ്രീ അംഗങ്ങളായ വനിതകളെ സ്ഥാനാർഥികളാക്കിയിരിക്കുന്നത്. ത്രിതല പഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിൽ 50 ശതമാനത്തിനു മേൽ വനിത സംവരണമായതോടെയാണ് തെരഞ്ഞെടുപ്പിൽ വനിതകളുടെ എണ്ണം കൂടിയത്. വനിത സംവരണമുള്ള ഭൂരിപക്ഷം വാർഡുകളിൽ മാത്രമല്ല ജനറൽ വാർഡുകളിൽ വരെ ഇത്തവണ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി പുരുഷൻമാരോട് ഏറ്റുമുട്ടുന്നത് വനിത പോരാളികളാണ്. കുടുംബശ്രീ പ്രവർത്തനങ്ങൾ സജീവമാകുന്നതിനു മുൻപ് രാഷ്ട്രീയത്തിലിറങ്ങിയതിനു ശേഷം പൊതുരംഗത്ത് സജീവമാകുന്ന വനിതകളായിരുന്നു കൂടുതലുണ്ടായിരുന്നത്.പുരുഷ മേധാവിത്വമുണ്ടായിരുന്ന തെരഞ്ഞെടുപ്പ് രംഗത്ത് വല്ലപ്പോഴും തല കാട്ടിയിരുന്ന ചില വനിത നേതാക്കൾ ഒഴിച്ചാൽ കൂടുതൽ പേരും ഒരു തെരഞ്ഞെടുപ്പോടെ രംഗത്തു നിന്നു പിൻമാറുകയാണ് ചെയ്തിരുന്നത്.എന്നാൽ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വനിത സംവരണം വന്നതോടെ കുടുബശ്രീ യോഗങ്ങളിലും തൊഴിലുറപ്പു ജോലികളിലും ഒതുങ്ങി നിന്നിരുന്ന വനിതകൾ കൂടുതലായി തെരഞ്ഞടുപ്പ് രംഗത്തേക്കെത്തി. പൊതുപ്രവർത്തനത്തിന്റെ ആദ്യ കളരിയെന്ന നിലയിൽ സ്ഥാനാർഥികളാക്കാൻ രാഷ്ട്രീയ പാർട്ടികൾ കുടുംബശ്രീ പ്രവർത്തകരെ തേടിപ്പിടിക്കാനും തുടങ്ങി.ഇതോടെയാണ് കൂടുതൽ സ്ത്രീകൾ അങ്കത്തിനിറങ്ങിത്തുടങ്ങിയത്.