തൊടുപുഴ: ഈ തദ്ദേശതിരഞ്ഞെടുപ്പോടെ യു.ഡി.എഫിന്റെ അടിത്തറ തകരുമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ പറഞ്ഞു. ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് വ്യത്യാസമില്ലാതെ എൽ.ഡി.എഫ് അധികാരത്തിലെത്തും. എൽ.ഡി.എഫ് സർക്കാർ കഴിഞ്ഞ നാലരവർഷം നടപ്പാക്കിയജനക്ഷേമപദ്ധതികൾ ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും ബോദ്ധ്യമുള്ളതാണ്. ജില്ലയിൽ മാത്രം 33000 കൃഷിക്കാർക്ക് എൽ.ഡി.എഫ് സർക്കാർ പട്ടയംനൽകി. ഉമ്മൻചാണ്ടി സർക്കാർ നൽകിയ അതേ പട്ടയമാണ് എൽ.ഡി.എഫും നൽകുന്നതെന്ന പച്ചക്കള്ളം ജില്ലയിലെ ജനങ്ങൾ മുഖവിലയ്ക്കെടുക്കില്ല. ഉമ്മൻചാണ്ടിയുടെ കാലത്ത് 1964 ഭൂമിപതിവ് ചട്ടം അനുസരിച്ച് ഒരു ഏക്കർ ഭൂമിക്ക് മാത്രമേ പട്ടയം കൊടുക്കുവെന്നാണ് തീരുമാനിച്ചത്. ഒരുലക്ഷം രൂപയിൽ കൂടുതൽ വരുമാനം
ഉള്ളവർക്ക് പട്ടയമേ കൊടുക്കില്ലെന്നും ലഭിക്കുന്ന പട്ടയം 12 വർഷത്തേക്ക്
കൈമാറ്റം ചെയ്യാൻ പാടില്ലായെന്നും തീരുമാനിച്ചതും യു.ഡി.എഫ് സർക്കാരാണ്. ഇപ്പോൾ എൽ.ഡി.എഫ് കൊടുക്കുന്ന പട്ടയം യഥേഷ്ടം കൈമാറ്റം ചെയ്യാനും ബാങ്കുകളിൽ ഈടുവെച്ച് ലോൺ എടുക്കാനും കഴിയുന്ന പട്ടയമാണ്. കൃഷിക്കാർ അവരുടെ ഭൂമിയിൽ നട്ടുവളർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി നിഷേധിച്ചത് യു.ഡി.എഫിന്റെ കാലത്താണ്. എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിച്ച് നീക്കുന്നതിന് നടപടി സ്വീകരിച്ച് ഉത്തരവിറക്കി എന്ന കാര്യം ജില്ലയിലെ കൃഷിക്കാർക്കും പകൽ പോലെ വ്യക്തമാണ്. കർഷക ക്ഷേമനിധി ബോർഡിന് രൂപം നൽകുകയും മൂവായിരം രൂപ മുതൽ പതിനായിരം രൂപ വരെ പെൻഷനൻ നൽകാൻ തീരുമാനിച്ചതും ഇടത് സർക്കാരാണ്. എട്ട് വില്ലേജുകളിൽ നിയമനിർമാണം കൊണ്ടുവന്നത് യു.ഡി.എഫിന്റെ കാലത്താണ്. കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജിയെ തുടർന്നാണ് ഹൈക്കോടതി 1964 ലെ ചട്ടം കേരളം മുഴുവൻ ബാധകമാക്കാൻ ഉത്തരവിറക്കിയതെന്നും എൽ.ഡി.എഫ് നേതാക്കളായ കെ.കെ. ജയചന്ദ്രൻ, ജോസ് പാലത്തിനാൽ, ജോർജ്ജ് അഗസ്റ്റിൻ, അനിൽ കൂവപ്ലാക്കൽ, സണ്ണി ഇല്ലിക്കൽ, പി.കെ. വിനോദ്, പോൾസൺ മാത്യു, എൻ.എം. സുലൈമാൻ, ജോണി ചെരിവുപറമ്പിൽ, സോമനാഥൻനായർ തുടങ്ങിയ നേതാക്കൾ പറഞ്ഞു.