ഇടുക്കി: ജില്ലയിൽ തദ്ദേശതിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് രണ്ടായിരത്തോളം പൊലീസുകാർ. വലുപ്പത്തിൽ മുമ്പിലുള്ള മലയോര ജില്ലയിൽ പൊലീസ് ഒരുക്കിയിരിക്കുന്നത് വിപുലമായ സജ്ജീകരണങ്ങൾ. ഇന്ന് രാവിലെ മുതൽ ഇവരെല്ലാം ഡ്യൂട്ടിയിൽ പ്രവേശിക്കും. ഇതിൽ 1904 സിവിൽ പൊലീസ് ഉദ്യോഗസ്ഥരും വിവിധ സ്റ്റേഷനുകളിലെ സി.ഐമാരും മുതിർന്ന ഡിവൈ.എസ്.പിമാരുമുണ്ടാകും. ഇടുക്കിയിലെ നിലവിലുള്ള മൂന്ന് പൊലീസ് സബ്ഡിവിഷനുകളെ ആറാക്കി മാറ്റി. മൂന്നാർ, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളെയാണ് രണ്ടാക്കി തിരിച്ചത്. ഇടമലക്കുടിയ്ക്കും പ്രത്യേക ഡിവൈ.എസ്.പി ഉണ്ട്. ജില്ലയിലെ പൊലീസുകാർക്ക് പുറമെ എട്ടിന് വോട്ടെടുപ്പില്ലാത്ത സമീപ ജില്ലകളിലെ ഉദ്യോഗസ്ഥർക്കും ഇവിടെ ഡ്യൂട്ടിയുണ്ട്. ജില്ലാ സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച്, ക്രൈംബ്രാഞ്ച്, വനിതാ സെൽ, ട്രാഫിക് തുടങ്ങി എല്ലാവർക്കും പ്രത്യേക ഡ്യൂട്ടികൾ ഇതിന്റെ ഭാഗമായി നൽകും. ജില്ലാ പൊലീസ് മേധാവി കറുപ്പുസ്വാമി, അഡി. എസ്.പി സുരേഷ് കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പയസ് ജോർജ് എന്നിവരാണ് ജില്ലയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.