തൊടുപുഴ: തദ്ദേശതിരഞ്ഞെടുപ്പിന്റെ ആവേശത്തിൽ കൊവിഡ് മാനദണ്ഡങ്ങളെല്ലാം മറന്ന് കൊട്ടികലാശത്തോടെ തന്നെ മുന്നണികൾ പരസ്യപ്രചാരണം സമാപിച്ചു. കൊട്ടിക്കലാശങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ കർശനമായി തടഞ്ഞിരുന്നെങ്കിലും ജില്ലയിൽ പലയിടങ്ങളിലും ഇത് പാലിക്കപ്പെട്ടില്ല. സാധാരണ പ്രധാന ടൗണുകൾ കേന്ദ്രീകരിച്ചാണ് അലങ്കരിച്ച വാഹനങ്ങളും വാദ്യഘോഷങ്ങളുമായി വിജയഭേരി മുഴക്കി അണികൾ കൊട്ടികലാശം തീർക്കുക. എന്നാൽ ഇത്തവണ ടൗണുകളിൽ ഒത്തുകൂടുന്നതിന് പകരം അതത് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വാർഡുകളിലായി ചുരുങ്ങിയെന്ന് മാത്രം. സ്ഥാനാർത്ഥികളെ തുറന്ന വാഹനത്തിൽ വാർഡുകളിലൂടെ ആനയിച്ചാണ് പ്രവർത്തകർ വൈകിട്ട് കലാശക്കൊട്ടിന്റെ അരങ്ങ് കൊഴുപ്പിച്ചത്. എന്നാൽ ബൈക്ക് റാലികളോ അലങ്കരിച്ച വാഹന റാലികളോ ഉണ്ടായില്ലെന്ന് മാത്രം. പലയിടത്തായതിനാൽ പൊലീസിന് ഇത് തടയാനുമായില്ല. എങ്കിലും തൊടുപുഴയിൽ ഇടവെട്ടിയിൽ പൊലീസെത്തി കൊട്ടികലാശം പാടില്ലെന്ന് അിയിച്ചതിനെ തുടർന്ന് പാർട്ടി പ്രവർത്തകർ പിരിഞ്ഞുപോയി.
ഇന്നലെ രാവിലെ മുതൽ സ്ഥാനാർത്ഥികളും പ്രവർത്തകരും ഒരു വട്ടം കൂടി വീടുകൾ കയറി വോട്ടു തേടാനുള്ള ഓട്ടപ്രദക്ഷിണത്തിലായിരുന്നു. സ്ഥാനാർഥികളുടെ അപദാനങ്ങൾ പാടി പുകഴ്ത്തിയുള്ള അനൗൺസ്‌മെന്റ് വാഹനങ്ങൾ ഇന്നലെയും നാടിന്റെ മുക്കിലും മൂലയിലും തലങ്ങും വിലങ്ങും പാഞ്ഞു. ഇന്നലെ വീടുകൾ കയറിയുള്ള ലഘുലേഖ വിതരണവും ഇലക്ട്രോണിക്‌സ് വോട്ടിംഗ് മെഷീൻ മാതൃക, ബാലറ്റ് പേപ്പർ എന്നിവയുടെ പരിചയപ്പെടുത്തലും തകൃതിയായി നടന്നു. വിജയപ്രതീക്ഷയുള്ള വാർഡുകളിലും ഡിവിഷനുകളിലും ചെറുസംഘങ്ങളായി തിരിഞ്ഞാണ് ഇന്നലെ പ്രചാരണത്തിന്റെ അവസാന ഘട്ടം പൂർത്തിയാക്കിയത്. എല്ലായിടത്തും വാർഡ് കൺവെൻഷനുകളും കുടുംബയോഗങ്ങളും പൂർത്തിയാക്കി. ഇന്ന് വീടുകളിലും കുടുംബങ്ങളിലും കൂടുതൽ സ്വീകാര്യതയുള്ള ആളുകളെ ഒരു തവണ കൂടി നേരിൽക്കണ്ട് വോട്ടുറപ്പിക്കലായിരിക്കും സ്ഥാനാർത്ഥികൾ.
നാളെയാണ് നാളെയാണ്
ഒരു മാസത്തോളം നീണ്ട പ്രചരണങ്ങൾക്കൊടുവിൽ ആദ്യഘട്ട ജനവിധി രേഖപ്പെടുത്താൻ ഇടുക്കി നാളെ ബൂത്തിലേക്ക് തിരിക്കും. പരസ്യപ്രചാരണം അവസാനിക്കുമ്പോഴും ഇടുക്കി ആർക്കൊപ്പമാണെന്ന് ഇനിയും വ്യക്തമല്ല. സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും ചെറിയ അപാകതകൾ ഉണ്ടായെങ്കിലും സംസ്ഥാന നേതാക്കളുടെ വൻനിര ഇറങ്ങിയതോടെ ആവേശകൊടുമുടിയിലാണ് യു.ഡി.എഫ്. കേരളകോൺഗ്രസ് എം ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തിന്റെയും സർക്കാരിന്റെ വികസന- ജനക്ഷേമപ്രവർത്തനങ്ങളുടെയും ബലത്തിൽ ഇടുക്കി പിടിച്ചെടുക്കാമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. ബി.ഡി.ജെ.എസിന്റെ സഹായത്തോടെ കഴിഞ്ഞ തവണത്തെ നില മെച്ചപ്പെടുത്താൻ പരമാവധി പരിശ്രമിക്കുന്നുണ്ട് എൻ.ഡി.എ. ഇടുക്കിയിൽ മാത്രമുള്ള ഭൂവിനിയോഗ ഉത്തരവുകളുമടക്കം നിരവധി പ്രാദേശിക വിഷയങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ചർച്ചയായി.