മറയൂർ: കാന്തല്ലൂർ പഞ്ചായത്ത് പെരടിപള്ളം ഒള്ളവയൽ ആദിവാസിക്കുടിയിലേക്കുള്ള പാതയിൽ ഭീമൻ പാറ അടർന്ന് വീണ് യാത്ര നിലച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തുനുഭവപ്പെട്ട അതിശക്തമായ മഴയിൽ ശനിയാഴ്ച അർദ്ധരാത്രിയോടുകൂടി പാതയ്ക്ക് മുകളിലെ ഭീമൻ പാറ അടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഒള്ളവയൽ കുടിയിലും സമീപ പ്രദേശങ്ങളിലുമായി നൂറ്റമ്പതോളം കുടുംബാംഗങ്ങളാണ് ഈ പാത ഉപയോഗിക്കുന്നത്. ഞായറാഴ്ച ചന്തയിലേക്കും മറ്റും ആവശ്യങ്ങൾക്കുമായി നിവാസികളെത്തിയപ്പോഴാണ് പാത തടസമായിരിക്കുന്നത് അറിഞ്ഞത്. കുടിയിൽ നിന്നുള്ളവരെത്തി അരികിലൂടെ താത്കാലികമായി പാത നിർമ്മിച്ചാണ് യാത്ര സാദ്ധ്യമാക്കിയത്.