തൊടുപുഴ : നിയമസഭാ സമിതി പട്ടയം നൽകാൻ നിർദ്ദേശിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പട്ടയം നൽകാതിരുന്ന ഭൂമിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് പട്ടയം ലഭിച്ചു.
ദേവികുളം ഇറച്ചിൽപ്പാറ സ്വദേശി പി. ശ്രീധറിനും എൻ. രഞ്ചനുമാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെ തുടർന്ന് പട്ടയം ലഭിച്ചത്.
1913 ൽ ദേവികുളത്ത് താമസമായവരാണ് പരാതിക്കാരുടെ മുൻ തലമുറക്കാർ. 1987 മുതൽ പട്ടയത്തിന് അപേക്ഷിച്ചിരുന്നു. 2012 ൽ കേരള ഹൈക്കോടതിയുടെയും കേരള ലോകായുക്തയുടെയും അനുകൂല വിധി കിട്ടി. എന്നാൽ കെ എൽ എ റൂളും കെ ഡി എച്ച് ആ്ര്രകും ഉദ്ധരിച്ച് ഉദ്യോഗസ്ഥർ തടസ്സം ഉന്നയിച്ചതോടെ പട്ടയം ലഭിക്കാൻ കാലതാമസമുണ്ടായി. 2018 ൽ കേരള നിയമസഭാസമിതി പരാതിക്കാർക്ക് പട്ടയം നൽകാൻ നിർദ്ദേശം നൽകി. എന്നിട്ടും കൈവശഭൂമി കെ ഡി എച്ച് ആ്ര്രകിൽപ്പെട്ടതാണെന്ന് പറഞ്ഞ് ദേവികുളം തഹസിൽദാർ പട്ടയം നൽകാൻ വിസമ്മതിച്ചു.
ആകെ 19 സെന്റ് സ്ഥലമാണ് ഇവരുടെ പേരിലുള്ളത്. 5, 10 സെന്റ് കൈവശം വച്ചിരിക്കുന്ന 90 ശതമാനം പട്ടികവിഭാഗത്തിലുള്ളർ താമസിക്കുന്ന കെ ഡി എച്ച് വില്ലേജിലെ ജനങ്ങളോട് ദേവികുളം തഹസിൽദാർ വിവേചനം കാണിക്കുന്നതായി പരാതിയിൽ പറയുന്നു.
ജില്ലാകളക്ടറോട് ആവശ്യമായ നടപടി സ്വീകരിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൻദേവൻ വില്ലേജിലെ ഭൂമിയുടെ പട്ടയം പരാതിക്കാർക്ക് നൽകിയതായി ജില്ലാകളക്ടർ കമ്മീഷനെ അറിയിച്ചു.