ഇത് ചരിത്ര തിരഞ്ഞെടുപ്പ്

തൊടുപുഴ: കൊവിഡിനെ ഒതുക്കി നിറുത്തി ഒരു മാസം നീണ്ട കാടിളക്കിയുള്ള പ്രചാരണങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും വിരാമം,​ ഇടുക്കിയിലെ ജനം ഇന്ന് വിധിയെഴുതും. രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വതന്ത്രരും മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ ഇഴകീറി പരിശോധിച്ച വോട്ടർമാർ ഇതിനകം ആർക്ക് 'കുത്തണ"മെന്ന് തീരുമാനിച്ചിട്ടുണ്ട്. എങ്കിലും രാവിലെ ബൂത്തിലെത്തുംവഴി അവസാനവട്ട സ്വാധീനത്തിന് തയ്യാറായി സ്ഥാനാർത്ഥികൾ ഉണ്ടാകും. കൊവിഡ്- 19 പോലൊരു മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒരു തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമാണ്. പ്രചാരണം മുതൽ വോട്ടെടുപ്പ് വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമുണ്ടായിരുന്ന പോസ്റ്റൽ വോട്ടുകൾ ചെയ്യാനുള്ള സൗകര്യം ആദ്യമായി കൊവിഡ് രോഗികൾക്കും ഏർപ്പെടുത്തിയ തിരഞ്ഞെടുപ്പാണിത്. പി.പി.ഇ കിറ്ര് ധരിച്ച് പോളിംഗ് സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥർ ഇരിക്കുന്ന കാഴ്ചയും ആദ്യമാകും. മാസ്ക് ധരിച്ച് അകലം പാലിച്ചാകും വോട്ടർമാർ ബൂത്തിലെത്തുക. കൊവിഡ് മാനദണ്ഡങ്ങൾ പലിച്ചാൽ ഭയമില്ലാതെ എല്ലാവർക്കും വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആത്മവിശ്വാസം പകരുന്നുണ്ടെങ്കിലും അത്ര സുഖകരമല്ല കാര്യങ്ങൾ. തലങ്ങും വിലങ്ങും വിഹരിക്കുന്ന കൊവിഡിനെ ഭയന്ന് വോട്ടർമാർ ബൂത്തിലെത്താതിരിക്കുമോ എന്ന ആശങ്ക പാർട്ടി പ്രവർത്തകർക്കുണ്ട്. അതിനാൽ പ്രചാരണത്തിനിടെ വയോധികരടക്കമുള്ളവരോട് നിർബന്ധമായും വോട്ട് ചെയ്യാനെത്തണമെന്ന് പ്രവർത്തകർ പറയുന്നുണ്ട്. നിശബ്ദ പ്രചരണ ദിവസമായ ഇന്നലെയും ഊർജിതമായി വീടുകൾ കയറി അവസാനവട്ട വോട്ട് അഭ്യർത്ഥന നടന്നു.

 ആകെ വോട്ടർമാർ- 901593

 പുരുഷന്മാർ- 4,48,370

 സ്ത്രീകൾ- 4,53,221

 ട്രാൻസ്ജെൻഡർ- രണ്ട്

 ആകെ സ്ഥാനാർത്ഥികൾ- 3213

 പോളിംഗ് ബൂത്തുകൾ- 1453

197 പ്രശ്‌നബാധിത ബൂത്തുകൾ

ജില്ലയിൽ 197 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമിയുടെ കീഴിൽ എട്ട് ഡിവൈ.എസ്.പി മാർക്കാണ് അതത് മേഖലകളിൽ ചുമതല. ഇവരുടെ കീഴിൽ 46 സി.ഐ , 204 എസ്‌ഐ, 2119 സിവിൽ പൊലീസ്, 383 സ്‌പെഷ്യൽ സിവിൽ പൊലീസ്, 62 ഹോം ഗാർഡ്‌സ് എന്നിവരാണ് ഇന്ന് ജില്ലയിൽ ക്രമസമാധാന പരിപാലന രംഗത്തുള്ളത്.

21 ദുർഘട ബൂത്തുകൾ

ഇടമലക്കുടി ഉൾപ്പെടെ 21 വിദൂര ദുർഘട ബൂത്തുകളാണുള്ളത്. ഈ ബൂത്തുകളിലെല്ലാം അടിയന്തിര ആവശ്യങ്ങൾക്കായി വയർലെസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 109 പട്രോൾ സംഘങ്ങൾ ഉണ്ടാകും. ഇത് കൂടാതെ ജില്ലാ പൊലീസ് മേധാവിയുടെ സ്‌ട്രൈക്കിംങ് ഫോഴ്‌സും രംഗത്തുണ്ടാകും. 10 ബൂത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ വെബ് കാസ്റ്റ് ചെയ്യും. രണ്ട് ബൂത്തുകളിലെ പൂർണമായും റെക്കോർഡ് ചെയ്യും. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പയസ് ജോർജിനാണ് ജില്ലാ ആസ്ഥാനത്തു ഏകോപന ചുമതല.