തൊടുപുഴ: പോളിംഗ് ഉദ്യോഗസ്ഥർക്ക് ബൂത്തിലേക്ക് ആവശ്യമായ എല്ലാ വസ്തുക്കളും തിരഞ്ഞെടുപ്പ് കമ്മിഷൻ ലഭ്യമാക്കിയിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള അവശ്യസാധനങ്ങളുടെ പട്ടികയിൽ മൊട്ടുസൂചി മുതൽ സാനിറ്റൈസർ വരെ ഉൾപ്പെടും. ബാലറ്റ് യൂണിറ്റുകൾ അടങ്ങുന്ന തിരഞ്ഞെടുപ്പ് സാമഗ്രികൾക്കൊപ്പം പെൻസിൽ, പേന, പേപ്പർ, പശ, ബ്ലെയ്ഡ്, തീപ്പെട്ടി, മെഴുകുതിരി, റബർ ബാൻഡുകൾ, സെല്ലോ ടേപ്പുകൾ എന്നിവയുണ്ട്. ഇത്തവണ കൊവിഡ് കണക്കിലെടുത്ത് സാനിറ്റൈസറും ഗ്ലൗസും മാസ്കും അധികമായുണ്ട്. കൊവിഡ് രോഗികൾ വോട്ട് ചെയ്യാനെത്തുന്ന ബൂത്തുകളിൽ പി.പി.ഇ കിറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസർ എത്തിക്കും. കൈകഴുകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടാകും. സമ്മതിദായകർക്ക് മാർഗ നിർദേശം നൽകുന്ന സൂചനാ ബോർഡുകളും പോളിംഗ് സാമഗ്രികളുടെ കൂട്ടത്തിലുണ്ട്.