തൊടുപുഴ: കൊവിഡ് കാലമാണെങ്കിലും വോട്ട് ചെയ്തവരെ തിരിച്ചറിയാൻ ഈ തിരഞ്ഞെടുപ്പിലും കൈയിൽ മഷി പുരട്ടും. ഇതിനായി ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ടാകും. വോട്ടർമാർക്ക് ബൂത്തിൽ പ്രവേശിക്കുന്നതിന് മുമ്പും പിമ്പും സാനിട്ടൈസർ നൽകാനും മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനുമാണ് ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം വോട്ട് ചെയ്തവരെ തിരിച്ചറിയാനുള്ള അടയാളമെന്ന നിലയിൽ മഷി പുരട്ടൽ ഉപേക്ഷിക്കാൻ കഴിയാത്തതിനാലാണ് പ്രോട്ടോക്കോൾ പാലിച്ച് മഷികുത്തൽ നടത്തുന്നത്. വോട്ടർമാരുടെ കൈകൾ അണുവിമുക്തമാക്കിയശേഷം പോളിംഗ് ബൂത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനാൽ ഇടതുകൈയുടെ ചൂണ്ടുവിരലിൽ മഷിപുരട്ടുന്ന സ്റ്റിക്ക് വഴി ആർക്കും രോഗമുണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് നിഗമനം. മാത്രമല്ല കൊവിഡ് രോഗികൾക്ക് വൈകിട്ട് അഞ്ച് മുതൽ ആറു വരെയാണ് വോട്ട് ചെയ്യാൻ അനുവാദമുള്ളത്. ഈ സമയത്ത് ഒരാൾക്ക് മഷി പുരട്ടാൻ അനുവദിക്കുന്ന സ്റ്റിക്ക് ഉപയോഗശേഷം സുരക്ഷിതമായി സംസ്‌കരിക്കാനായി മാറ്റും. പുതിയ സ്റ്റിക്ക് ഉപയോഗിച്ചായിരിക്കും അടുത്തയാൾക്ക് മഷിപുരട്ടുക.