തൊടുപുഴ: കത്തോലിക്ക വൈദികനും ജാർഖണ്ഡിലെ ആദിവാസി സമൂഹത്തിനിടയിൽ സാമൂഹ്യ പ്രവർത്തകനുമായ ഫാ. സ്റ്റാൻ സ്വാമിയേ അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന നടപടിയിൽ തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ ഇടവക പ്രതിനിധി യോഗം പ്രതിഷേധിച്ചു. മോചനത്തിനായി പ്രത്യേക പ്രാർത്ഥനായജ്ഞത്തിനു തുടക്കമായി. സ്റ്റാൻ സ്വാമിയുടെ നേർക്കുള്ള മനുഷ്യാവകാശ ലംഘനത്തിൽ ഇടപെട്ട് അദ്ദേഹത്തെ ജയിലിൽ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തയ്യാറാക്കിയ മെമ്മോറാണ്ടം പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, ജാർഖണ്ഡ് മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി എന്നിവർക്ക് അയക്കാനും ഡീൻ കുര്യാക്കോസ് എം. പി ക്ക് നേരിട്ട് നൽകാനും തീരുമാനിച്ചു. പ്രതിഷേധ പരിപാടിക്ക് പള്ളി വികാരി ഫാ. ജോസഫ് മക്കോളിൽ, സഹവികാരി ഫാ. ജോൺ പരിയത്തുമാലി, കൈക്കാരന്മാരായ അലൻ താന്നിക്കൽ, ജോർജ്ജ് തടത്തിൽ, പീറ്റർ തറയിൽ എന്നിവർ നേതൃത്വം നൽകി.