തൊടുപുഴ: ഇടുക്കിയെന്താണ് നെഞ്ചിൽ ഒളിപ്പിച്ചിരിക്കുന്നത്.ഈ തിരഞ്ഞെടുപ്പ് ദിനത്തിലും ഇടുക്കിയുടെ ജനമനസ് അറിയണമെങ്കിൽ 16 വരെ കാത്തിരിക്കാതെ വയ്യ. വിവിധ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സംസ്ഥാന രാഷ്ട്രീയവും ഭൂവിനിയോഗനിയമവും പട്ടയവും മുതൽ വേലി പ്രശ്‌നമടക്കമുള്ള പ്രാദേശിക സംഭവങ്ങൾ വരെ ഈ തിരഞ്ഞെടുപ്പിൽ ജനം ചർച്ച ചെയ്തു. അധികം വൈകാതെ കടന്നുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സെമി ഫൈനലായിട്ടാണ് ഇതിനെ ഇടുക്കിയിലെ രാഷ്ട്രീയ പാർട്ടികൾ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടെ സ്ഥാനാർത്ഥിയുടെ വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാൻ പോലുമാവാത്ത അവസ്ഥയിലാണിവർ. പൊതുവെ യു.ഡി.എഫിന് മേൽക്കൈ ഉള്ള ജില്ലയാണ് ഇടുക്കി. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും നഗരസഭകളിലും യു.ഡി.എഫിനൊപ്പമായിരുന്നു വിജയം. ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് എൽ.ഡി.എഫിന് മുന്നേറ്റമുണ്ടാക്കാനായത്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീടെത്തിയ തദ്ദേശതിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനോടൊപ്പം ശക്തമായി നിന്ന ഹൈറേഞ്ച് സംരക്ഷണസമിതി നിർജീവമായത് യു.ഡി.എഫിന്റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. എന്നാൽ പതിവുപോലെ തർക്കം മൂലം സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും അവസാനമണിക്കൂറുവരെ നീണ്ടത് യു.ഡി.എഫിൽ കല്ലുകടിയായി. അതിനാൽ വിമതന്മാർ യു.ഡി.എഫിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇത് മറികടക്കാൻ ഉമ്മൻചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി, ഹസൻ തുടങ്ങിയ സംസ്ഥാന നേതാക്കളെ തന്നെ പ്രചരണത്തിനിറക്കി അവർ രംഗംകൊഴുപ്പിച്ചു. അതേ സമയം കേരള കോൺഗ്രസ്‌ ജോസ് വിഭാഗം ഒപ്പമെത്തിയതോടെ ഇത്തവണ യു.ഡി.എഫിന്റെ മേൽക്കോയ്മ അവസാനിപ്പിക്കാനാകുമെന്നാണ് ഇടതുപക്ഷം കരുതുന്നത്. സംസ്ഥാന നേതാക്കൾ പ്രചരണത്തിനെത്താത്തത് ചെറിയ ക്ഷീണമായെങ്കിലും മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രചരണ പ്രവർത്തനത്തിലൂടെ വിജയം കൈവരിക്കാമെന്നാണ് പ്രതീക്ഷ. ബി.ഡി.ജെ.എസിന്റെ ബലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾനേടിയെടുക്കാമെന്നാണ് എൻ.ഡി.എ കരുതുന്നത്.

2015ലെ കക്ഷിനില


 ജില്ലാ പഞ്ചായത്ത്
യു.ഡി.എഫ്- 10
എൽ.ഡി.എഫ്- 06

 ബ്ളോക്ക് പഞ്ചായത്തുകൾ
യു.ഡി.എഫ്- ആറ്
എൽ.ഡി.എഫ്- രണ്ട്

 നഗരസഭകൾ
കട്ടപ്പന- യു.ഡി.എഫ്
തൊടുപുഴ- യു.ഡി.എഫ്


 ഗ്രാമ പഞ്ചായത്തുകൾ
യു.ഡി.എഫ്- 25
എൽ.ഡി.എഫ്- 27