തൊടുപുഴ: സമയം രാവിലെ 8 മണി, സ്ഥലം കുമ്പംകല്ല് ബി.ടി.എം സ്കൂൾ. മാസ്കിട്ട് അകലം പാലിച്ച് നിൽക്കുന്ന വോട്ടർമാരുടെ സ്കൂൾ ഗേറ്റ് വരെ നീളുന്ന മൂന്ന് വരി ക്യൂ കാണാം. തൊടുപുഴ നഗരസഭയിലെ 16, 17, 18 വാർഡുകൾ ഉൾപ്പെടുന്ന പോളിംഗ് ബൂത്തിലെ കാഴ്ചാണിത്. ഇവിടെ മാത്രമല്ല ജില്ലയിലെമ്പാടും നഗര- ഗ്രാമ വ്യത്യാസമില്ലാതെ രാവിലെ മുതൽ പോളിംഗ് ബൂത്തിലേക്ക് വോട്ടർമാരുടെ ഒഴുക്കായിരുന്നു. കൊവിഡിനെ അരികിലേക്ക് മാറ്റി നിറുത്തി ഇടുക്കിയിലെ പ്രബുദ്ധ ജനത രാവിലെ തന്നെയെത്തി നീണ്ട ക്യൂവിൽ കാത്ത് നിന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്ന ദൃശ്യമായിരുന്നു എവിടെയും. ഉച്ചയോടെ അൽപ്പം മന്ദഗതിയിലായെങ്കിലും പിന്നീട് പോളിംഗ് ഊർജിതമായി. ആദ്യം അഞ്ച് മണി വരെ പൊതുജനങ്ങൾക്കും പിന്നീട് ആറ് വരെ കൊവിഡ് ബാധിതർക്കും വോട്ട് ചെയ്യാമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. എന്നാൽ വൈകിട്ടോടെയെത്തിയ പുതിയ ഉത്തരവനുസരിച്ച് ആറ് മണിക്ക് മുമ്പെത്തിയ എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം നൽകി. അഞ്ച് മണിക്ക് ശേഷം പലയിടത്തും പി.പി.ഇ കിറ്റ് ധരിച്ച് കൊവിഡ് രോഗികളെത്തി വോട്ട് ചെയ്തത് ഈ തിരഞ്ഞെടുപ്പിലെ അപൂർവ കാഴ്ചയായി. ഈ സമയം ഉദ്യോഗസ്ഥരും പി.പി.ഇ കിറ്റ് ധരിച്ചാണ് ബൂത്തിലിരുന്നത്. കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു എല്ലായിടത്തും വോട്ടിംഗ് നടന്നത്. ഉദ്യോഗസ്ഥർ നൽകിയ സാനിറ്റൈസർ കൈയിൽ പുരട്ടിയാണ് വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് കയറിയത്. ഒരാൾ വോട്ട് ചെയ്ത് ഇറങ്ങിയ ശേഷമാണ് അടുത്തയാളെ ബൂത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ സ്ഥലപരിമിതിയും തിരക്കും മൂലം എല്ലായിടത്തും അകലം കൃത്യമായി പാലിക്കാനായില്ല. വൈകിട്ട് വരെ മഴ പൂർണമായും മാറി നിന്നതും വോട്ടിംഗ് സുഗമമമാക്കി. കട്ടപ്പനയിൽ ഉച്ചസമയത്തും ചെറുതോണിയിൽ വൈകിട്ടും ചെറുതായി മഴ പൊടിഞ്ഞെങ്കിലും പിന്നീട് വെയിൽ തെളിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതിരുന്നതിനാൽ രാഷ്ട്രീയപാർട്ടികൾക്ക് ആശങ്കയുണ്ടായിരുന്നു. പൊതുവെ എല്ലായിടത്തും സമാധാനപരമായിരുന്നു വോട്ടെടുപ്പ്. കുമ്പംകല്ലിലെ ബി.ടി.എം സ്കൂളിൽ ബൂത്തിനടുത്ത് കൂട്ടംകൂടി നിന്ന് വോട്ട് പിടിച്ചതിനെ ചൊല്ലി എൽ.ഡി.എഫ്- യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി ഇവരെ പുറത്താക്കി. തൊടുപുഴ ആർ.ഡി.ഒയും സ്ഥലത്തെയിരുന്നു. പ്രശ്നബാധിത ബൂത്തുകളിലൊന്നായ ഇവിടെ പിന്നീട് കനത്ത പൊലീസ് സാന്നിധ്യത്തിലാണ് വോട്ടിംഗ് പൂർത്തിയാക്കിയത്.
വോട്ടിംഗ് മെഷീനുകൾ പണിമുടക്കി
ജില്ലയിൽ നിരവധി പോളിംഗ് ബൂത്തുകളിൽ വോട്ടിംഗ് മെഷീനുകൾ പണിമുടക്കിയത് അൽപ്പസമയം വോട്ടിംഗ് മുടങ്ങാൻ ഇടയായി. തൊടുപുഴ നഗസഭയിലെ ഉണ്ടപ്ലാവ്, വെങ്ങല്ലൂർ ബൂത്തുകളിലെയും കട്ടപ്പന നഗരസഭയിലെ പേഴുംകവല ബൂത്തുകളിലെയും വോട്ടിംഗ് മെഷീനുകൾ തകരാറിലായി. ഇതുകൂടാതെ ചില പഞ്ചായത്തുകളിലും മെഷീൻ തകരാറിലായിരുന്നു. ഇവിടെയെല്ലാം അരമണിക്കൂറിനകം വേറെ മെഷീൻ എത്തിച്ച് വോട്ടിംഗ് പുനരാരംഭിച്ചു.