തൊടുപുഴ : പോളിംഗ് ബൂത്തുകൾ മാലിന്യമുക്തമാക്കുന്നത് ഉറപ്പാക്കി ജില്ലയിലെ ഹരിതകർമ്മ സേന.ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിലെ ഹരിതകർമ്മസേനാംഗങ്ങൾക്ക് മാലിന്യ പരിപാലനത്തിന്റെ ചുമതല നൽകിയിരുന്നു. 1450 ഹരിതകർമ്മ സേനാംഗങ്ങളെയാണ് ഇതിനായി നിയോഗിച്ചത്. അവർ രാവിലെ തന്നെ ബൂത്തിലെത്തി. ബൂത്തുകളിലെ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കുന്നതിനുള്ള സംവിധാനവും സജ്ജമാക്കിയിരുന്നു. അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും ഇവർക്ക് നൽകിയിരുന്നു. ബൂത്തുകളിലും മറ്റും വോട്ടർമാർക്ക് സാനിറ്റൈസറും മറ്റും നൽകുന്ന ചുമതലയും സേനാംഗങ്ങൾക്കായിരുന്നു.പ്ലാസ്റ്റിക്കുകളും അല്ലാത്തവയും പ്രത്യേകമായാണ് ബൂത്തുകളിൽ നിന്നും ശേഖരിച്ചത്. ബൂത്ത് പരിസരത്ത് വോട്ടേഴ്സ് സ്ലിപ്പുകളും മറ്റും ഉപേക്ഷിച്ചു പോകുന്ന പതിവുണ്ടാകാതിരിക്കാനും മറ്റ് മാലിന്യങ്ങൾ ബൂത്തിലും പരിസരത്തുമൊന്നും വലിച്ചെറിയാതിരിക്കാനുമാണ് ഹരിതകർമ്മ സേനയുടെ സേവനം വിനിയോഗിച്ചത്. ഏതായാലും ഇക്കുറി ഒന്നുറപ്പിക്കാം. മുൻ തിരഞ്ഞെടുപ്പുകൾ പോലെ ബൂത്തിന്റെ ആവശ്യത്തിനായി ഉപയോഗിച്ച പാഴ് വസ്തുക്കൾ നാട്ടിൽ അങ്ങുമിങ്ങും വലിച്ചെറിയുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഹരിത കർമ്മ സേന.സമാഹരിച്ച പാഴ് വസ്തുക്കൾ പഞ്ചായത്തിന്റെ മെറ്റീരിയൽ കളക്ഷൻ സെന്ററിലെത്തിച്ച് തരം തിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയാണ് ചെയ്യുകയെന്ന് ഹരിത കേരളം ജില്ലാ കോ ഓർഡിനേറ്റർ ഡോ. ജി എസ് മധു, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ പി വി ജസീർ എന്നിവർ പറഞ്ഞു.
അഞ്ച് ദിവസത്തിനുള്ളിൽ നീക്കണം
വോട്ടെടുപ്പ് കഴിഞ്ഞാൽ ബോർഡുകളും കൊടികളും തോരണങ്ങളുമെല്ലാം അഞ്ച് ദിവസത്തിനുള്ളിൽ നീക്കി തദ്ദേശഭരണസ്ഥാപനങ്ങളിലെ ഹരിതകർമ്മ സേനയ്ക്ക് കൈമാറണമെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ. അവർ അത് പുനചംക്രമണത്തിന് നൽകും. വോട്ടെടുപ്പ് കഴിഞ്ഞാൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും അവർ സ്ഥാപിച്ച പരസ്യ പ്രചാരണ ബോർഡുകളും പോസ്റ്ററുകളും മറ്റും ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനു തദ്ദേശ സ്ഥാപനത്തിന് കൈമാറണമെന്ന് ജില്ലാ കളക്ടർ ഓർമ്മിപ്പിച്ചു. അല്ലാത്തപക്ഷം അഞ്ച് ദിവസത്തിനുള്ളിൽ അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ അവ നീക്കം ചെയ്യും. ഇതിന്റെ ചെലവ് ബന്ധപ്പെട്ട സ്ഥാനാർഥികളിൽ നിന്നും ഈടാക്കും.